കുമ്പള മേഖലയിലെ ഗതാഗത സൗകര്യത്തിന് വലിയ ഭീഷണിയായി കഞ്ചിക്കട്ട റോഡ് മാറുന്നു. മാസങ്ങൾക്ക് മുൻപ് ടാറിങ് പൂർത്തിയാക്കി നവീകരിച്ച റോഡിലാണ് വാട്ടർ അതോറിറ്റിയുടെ അശാസ്ത്രീയമായ പ്രവർത്തനങ്ങൾ ദുരിതം വിതയ്ക്കുന്നത്.
റോഡ് കുത്തിപ്പൊളിച്ച ശേഷം കൃത്യമായി പുനസ്ഥാപിക്കാതെ അധികൃതർ ഉപേക്ഷിച്ചതാണ് വലിയ ഗർത്തം രൂപപ്പെടാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ റോഡിലൂടെയുള്ള കാൽനടയാത്ര പോലും ഇപ്പോൾ ദുഷ്കരമാണ്.
കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായിരിക്കുകയാണ്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ പ്രതിനിധിയുടെ നേതൃത്വത്തിൽ മെറ്റലും മണ്ണും ഉപയോഗിച്ച് കുഴി താൽക്കാലികമായി നികത്തിയിരുന്നു.
എന്നാൽ, സമീപ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഈ മണ്ണ് പൂർണ്ണമായും ഒലിച്ചുപോയതോടെ റോഡ് വീണ്ടും അപകടാവസ്ഥയിലായി. നിലവിൽ റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
കുമ്പളയിൽ നിന്ന് കുട്ടത്തടുക്ക, സീതാംഗോളി വഴി പെർളയിലേക്കുള്ള പ്രധാന പാതയാണിത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുൻപ് വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

