ഉപ്പുതറയിൽ ഗൂഗിൾ മാപ്പിനെ പിന്തുടർന്നെത്തിയ ടോറസ് ലോറി കൊടുംവളവിൽ കുടുങ്ങിയതിനെത്തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മേരികുളം-ആനവിലാസം റൂട്ടിലാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ സംഭവം നടന്നത്.
ജല ജീവൻ മിഷൻ പദ്ധതിക്കാവശ്യമായ ഇരുമ്പ് പൈപ്പുകളുമായി കർണാടകയിൽ നിന്ന് ഏലപ്പാറയ്ക്കു സമീപം ചിന്നാർ മൂന്നാംമൈലിലേക്ക് വന്ന വാഹനമാണ് വഴിതെറ്റി കുടുങ്ങിയത്. കുമളിയിൽ നിന്ന് കുട്ടിക്കാനം വഴി പോകേണ്ട
വാഹനമാണ് ഗൂഗിൾ മാപ്പ് തെറ്റായ ദിശ കാണിച്ചതിനെ തുടർന്ന് ആനവിലാസം വഴി എത്തിച്ചേർന്നത്. കൊച്ചി-തേക്കടി സംസ്ഥാന പാതയിലെ ഇടപ്പൂക്കുളം ഒന്നാം വളവിൽ ലോറി കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.
വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് മണ്ണുമാന്തി യന്ത്രവും ട്രാക്ടറും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിലാണ് ലോറി വളവിൽ നിന്ന് നീക്കം ചെയ്തത്. മേരികുളം വരെയുള്ള മറ്റ് വളവുകളിലും വാഹനം തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും, റോഡിന്റെ വീതികൂട്ടിയും ട്രാക്ടറിൽ കെട്ടിവലിച്ചും വാഹനം സുരക്ഷിതമായി നീക്കി.
രാവിലെ ഒൻപത് മണിയോടെയാണ് ഈ റൂട്ടിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. സംസ്ഥാന പാതയാണെങ്കിലും വീതികുറവും അതിശക്തമായ വളവുകളും ഉള്ള ഈ പാതയിൽ വലിയ വാഹനങ്ങൾ കുടുങ്ങുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

