ചങ്ങനാശേരി ബൈപാസ് റോഡിലെ ളായിക്കാട് മേഖലയിൽ ശുചിമുറി മാലിന്യം അനധികൃതമായി തള്ളുന്ന സംഭവത്തിൽ ദുരൂഹത ഏറുന്നു. കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന ടാങ്കർ ലോറിയിൽ പതിച്ചിരിക്കുന്നത് മലപ്പുറത്ത് റജിസ്റ്റർ ചെയ്ത ഒരു സ്കൂട്ടറിന്റെ നമ്പർ ആണെന്ന് കണ്ടെത്തി.
നഗരസഭയുടെ നിരീക്ഷണ ക്യാമറകളെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം വ്യാജ നമ്പർ ഉപയോഗിക്കുകയാണെന്നാണ് പ്രാഥമിക നിഗമനം. നഗരസഭ പുറത്തുവിട്ട
സിസിടിവി ദൃശ്യങ്ങളിൽ ടാങ്കറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം പകർത്തിയ ദൃശ്യങ്ങളിൽ തുടങ്ങി, സമീപ ദിവസങ്ങളിലും ഇതേ നമ്പർ പതിച്ച ടാങ്കർ ലോറി ളായിക്കാട് എത്തി മാലിന്യം തള്ളുന്നതായി നഗരസഭ ആരോഗ്യവിഭാഗം സ്ഥിരീകരിച്ചു.
നഗരസഭ സ്ഥാപിച്ചിട്ടുള്ള പോർട്ടബിൾ ക്യാമറയ്ക്ക് മുന്നിൽ വെച്ചാണ് മാലിന്യം പുറന്തള്ളുന്നത്. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ലോറിയിൽ നിന്ന് ഇറങ്ങുന്ന ഒരാൾ ഹോസ് ഉപയോഗിച്ച് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതും മറ്റ് രണ്ടുപേർ ലോറിക്കുള്ളിൽ ഇരിക്കുന്നതുമാണ്.
പരിശോധനയ്ക്കായി പൊലീസോ നാട്ടുകാരോ എത്തിയാൽ വേഗത്തിൽ രക്ഷപ്പെടാനായി, പുറത്തിറങ്ങിയ ആൾക്ക് കയറാൻ സൗകര്യമൊരുക്കി ഡ്രൈവർ വാതിൽ തുറന്നുപിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സിസിടിവി ദൃശ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സമഗ്രമായ അന്വേഷണം നടത്തി മാലിന്യ മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

