പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിലെ പൈവഴി, ഉള്ളന്നൂർ മേഖലകളിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. പ്രദേശത്ത് വളർത്തുമൃഗങ്ങൾക്കും നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് ശേഷം ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ പേവിഷബാധ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രശോഭ (35, മലയിൽ പുത്തൻവീട്), തോമസ് കുട്ടി (78, കുഴിയിൽ വില്ല), മണി (62, സുഗതാലയം), ജാനമ്മ (70, കൊല്ലംപറമ്പിൽ), ദീപ (41, വിനു ഭവൻ), ബിഷ്ണു (32, അൽസീനിയ ഹോളോ ബ്രിക്സ് കമ്പനി തൊഴിലാളി) എന്നിവർക്കാണ് കടിയേറ്റത്.
കൂടാതെ, ഉള്ളന്നൂർ മംഗലത്തിൽ ഓമനയെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർനടപടികളുടെ ഭാഗമായി, പ്രദേശത്തെ തെരുവുനായ്ക്കളെ പിടികൂടി വാക്സീൻ നൽകുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തെരുവുനായ്ക്കളുടെയോ വളർത്തുമൃഗങ്ങളുടെയോ കടിയോ മാന്തലോ ഏൽക്കുന്ന പക്ഷം മുറിവ് സോപ്പുപയോഗിച്ച് 15 മിനിറ്റെങ്കിലും തുടർച്ചയായി കഴുകി വൃത്തിയാക്കണമെന്നും, ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

