കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഉദിനൂർ കോരംകുളത്ത് ദീർഘകാലമായി കാണാതായ സ്വർണമോതിരം ഉടമയ്ക്ക് തിരികെ ലഭിച്ചു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ.വി.ജതീന്ദ്രൻ ആണ് തന്റെ വീട്ടുപറമ്പിൽ നിന്നും നഷ്ടപ്പെട്ട
മോതിരം അത്ഭുതകരമായി തിരികെ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചത്. സംഭവത്തിന്റെ പശ്ചാത്തലം
ജതീന്ദ്രന്റെ വീട്ടുവളപ്പിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.
മഴയെത്തുടർന്ന് താൽക്കാലികമായി ജോലി നിർത്തിവെച്ച് തൊഴുത്തിന് സമീപത്തെ നെല്ലിമരച്ചുവട്ടിൽ അഭയം പ്രാപിച്ച തൊഴിലാളികളിൽ ഒരാളായ രമ്യ രഘു ആണ് മണ്ണിൽ തിളങ്ങുന്ന വസ്തു ശ്രദ്ധിച്ചത്. ഉടൻ തന്നെ മണ്ണ് നീക്കി പരിശോധിച്ചപ്പോൾ, പേര് കൊത്തിയ നിലയിലുള്ള ആറ് ഗ്രാം ഭാരമുള്ള സ്വർണമോതിരം ഇവർക്ക് ലഭിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന കെ.വി.ജതീന്ദ്രനെ വിവരമറിയിക്കുകയും മോതിരം കാണിക്കുകയും ചെയ്തതോടെ, ഇത് തന്റെ ഭാര്യയുടെ പേര് ആലേഖനം ചെയ്ത മോതിരമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 2001-ൽ പശു പ്രസവിക്കുന്ന സമയത്ത് കുട്ടിയെ പുറത്തെടുക്കുന്നതിനിടയിലാണ് അബദ്ധവശാൽ ഈ മോതിരം നഷ്ടമായത്.
അന്ന് മുതൽ പലതവണ തിരച്ചിൽ നടത്തിയെങ്കിലും മോതിരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. രണ്ടര പതിറ്റാണ്ടോളം മണ്ണിൽ പുതഞ്ഞുകിടന്ന സ്വർണമോതിരമാണ് ഒടുവിൽ രമ്യയിലൂടെ ഉടമസ്ഥന്റെ കൈകളിലെത്തിയത്.
തടിയൻ കൊവ്വൽ സ്വദേശി രഘുവിന്റെ ഭാര്യയാണ് രമ്യ. സംഭവസ്ഥലത്തുണ്ടായിരുന്ന മേറ്റ് ടി.പ്രസീത, തൊഴിലാളികളായ ടി.നന്ദിനി, എം.നാരായണി, സി.എം.ജാനകി, വിത്തൻ തമ്പായി, ആലയിൽ തമ്പായി, ടി.ശാരദ, വി.വി.സാവിത്രി, വി.വി.കൗസല്യ, എ.പി.ഉഷ, ടി.വി.ഷീമ, ഇ.വി.ശ്രീകല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മോതിരം കൈമാറിയത്.
സത്യസന്ധത പ്രകടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രദേശവാസികളിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

