പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ചകളെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. യോഗത്തിലെ നടപടികൾ എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് ഏരിയ സെക്രട്ടറി പി.
സന്തോഷ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ലക്ഷ്യം വെച്ച് വർഷങ്ങളായി നടക്കുന്ന ആസൂത്രിതമായ പ്രചാരണങ്ങളുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വയം വിമർശനപരമായ പരിശോധനകളാണ് പാർട്ടി ഘടകങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനമെന്നും, പാർട്ടിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ പ്രവർത്തകരും പൊതുജനങ്ങളും തള്ളിക്കളയണമെന്നും പി. സന്തോഷ് ആവശ്യപ്പെട്ടു.
അതേസമയം, ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട
വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും, ഇതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.ഐ.
മധുസൂദനൻ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നതായാണ് വിവരം. പയ്യന്നൂർ നഗരസഭ മുൻ അധ്യക്ഷ കെ.വി.
ലളിത ഉൾപ്പെടെയുള്ളവർ നേതൃത്വത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചതായും, നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ സംഘടനയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഭൂരിഭാഗം അംഗങ്ങളും മുന്നറിയിപ്പ് നൽകിയതായും സൂചനകളുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ നേതൃത്വത്തിനെതിരെ തുറന്നു പറയാൻ അവസരമുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിവിധ ഘടകങ്ങളിൽ വിമർശനങ്ങൾ ശക്തമായത്. എന്നാൽ, ഈ വിഷയങ്ങളിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ഏരിയ നേതൃത്വം തയ്യാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

