രാജ്യത്തെ ബാങ്കുകളിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 മേയ് മാസത്തിലെ ബുള്ളറ്റിൻ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷമായ 2025-26-ൽ 1441 കോടി ഡോളറാണ് നോൺ-റസിഡന്റ് ഇന്ത്യൻ (എൻആർഐ) നിക്ഷേപമായി എത്തിയത്.
മുൻ സാമ്പത്തിക വർഷമായ 2024-25-ൽ ഇത് 1616 കോടി ഡോളറായിരുന്നു. നിക്ഷേപ വരവിൽ ഇടിവുണ്ടായെങ്കിലും, മൊത്തം എൻആർഐ നിക്ഷേപമൂല്യം 16,468 കോടി ഡോളറിൽ നിന്ന് 16,565 കോടി ഡോളറായി വർധിച്ചിട്ടുണ്ട്.
അതേസമയം, വിദേശ കറൻസി അക്കൗണ്ടുകളിലേക്കുള്ള (എഫ്സിഎൻആർ (ബി)) നിക്ഷേപത്തിൽ വലിയ ഇടിവാണ് പ്രകടമായത്. മുൻവർഷം 708 കോടി ഡോളർ ലഭിച്ച സ്ഥാനത്ത് ഇത്തവണ 94.6 കോടി ഡോളർ മാത്രമാണ് ഈ വിഭാഗത്തിൽ എത്തിയത്.
എന്നാൽ, നോൺ-റസിഡന്റ് എക്സ്റ്റേണൽ റുപ്പി അക്കൗണ്ട് (എൻആർ (ഇ) ആർഎ) വിഭാഗത്തിൽ നിക്ഷേപം 471 കോടി ഡോളറിൽ നിന്ന് 794 കോടി ഡോളറായി ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യത്തളർച്ചയും പ്രവാസികളും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 100 കടക്കുമെന്ന വിലയിരുത്തലുകൾക്കിടയിൽ, രൂപയുടെ തളർച്ച പ്രവാസികൾക്ക് ഗുണകരമാവുകയും അതേസമയം പണപ്പെരുപ്പത്തിന്റെ രൂപത്തിൽ തിരിച്ചടിയാവുകയും ചെയ്തേക്കാം.
കഴിഞ്ഞ വർഷം ജൂലൈയിൽ 23 രൂപയായിരുന്നു ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം. അന്നത്തെ കണക്കിൽ 1000 ദിർഹം അയക്കുമ്പോൾ ലഭിച്ചിരുന്ന തുക 23,000 രൂപയായിരുന്നു.
എന്നാൽ നിലവിൽ ദിർഹത്തിന്റെ മൂല്യം 27-നോട് അടുത്ത് നിൽക്കുന്നതിനാൽ, 1000 ദിർഹം അയക്കുമ്പോൾ 27,000 രൂപ വരെ നേടാൻ സാധിക്കുന്നു. (എക്സ്ചേഞ്ച് ഏജൻസികളുടെ നിരക്കുകൾക്കനുസരിച്ച് ഇതിൽ മാറ്റം വരാം).
എങ്കിലും രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിലെ പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്നും ഇത് അവശ്യവസ്തുക്കളുടെ വിലവർധനവിനും ബാങ്ക് വായ്പകളുടെ പലിശ ഭാരം കൂടാനും കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചുരുക്കത്തിൽ, ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രവാസികൾക്ക് നേട്ടമായി തോന്നാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (ഐഒഎം) വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട്-2026 പ്രകാരം, 2024-ൽ ഇന്ത്യയിലേക്ക് 13,767 കോടി ഡോളറാണ് എത്തിയത്.
6800 കോടി ഡോളറുമായി മെക്സിക്കോ രണ്ടാമതും, 4800 കോടി ഡോളറുമായി ചൈന മൂന്നാമതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

