കൊച്ചി – മൂന്നാർ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി അടിമാലിയിൽ പുരോഗമിക്കുന്ന നാലുവരി പാതയുടെയും ഡിവൈഡറിന്റെയും നിർമാണ ജോലികൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുപോകും. ടൗണിൽ നടക്കുന്ന ഡിവൈഡർ നിർമാണവുമായി ബന്ധപ്പെട്ടും റോഡിന്റെ വീതിയെക്കുറിച്ചും ചില പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വ്യാപാരികളും ആശയക്കുഴപ്പങ്ങൾ ഉന്നയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, നിർമാണ പ്രവർത്തനങ്ങളിൽ വ്യക്തത വരുത്തുന്നതിനായി അടിമാലി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് കുമാർ ഔദ്യോഗിക നയം വ്യക്തമാക്കിയത്.
അടിമാലി ടൗണിൽ ഒരു കിലോമീറ്റർ ദൂരത്തിൽ നാലുവരി പാത നിർമിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളിലായി റോഡ് കടന്നുപോകുന്ന വീതി കുറഞ്ഞ ഭാഗങ്ങളിൽ ഭൂമി ഏറ്റെടുത്ത് വീതി കൂട്ടുക, മൂന്നാർ ഉൾപ്പെടെയുള്ള 7 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം യാഥാർത്ഥ്യമാക്കുക, 36 കേന്ദ്രങ്ങളിൽ പുതിയ ബസ് ഷെൽട്ടറുകൾ നിർമിക്കുക, വാട്ടർ അതോറിറ്റിയുടെ യൂട്ടിലിറ്റി ഫിറ്റിങ് ജോലികൾ പൂർത്തിയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.
നിലവിൽ അടിമാലിയിൽ ആരംഭിച്ചിരിക്കുന്ന നാലുവരി പാതയുടെ നിർമാണത്തിനായി 21 മീറ്റർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. പാതയുടെ നടുഭാഗത്ത് ഒരു മീറ്റർ വീതിയിൽ ഡിവൈഡറും, ഇരുവശങ്ങളിലുമായി 10 മീറ്റർ വീതം വീതിയിൽ ഇരുവരി പാതകളും ഓടയും നടപ്പാതയും ഉൾപ്പെടുന്ന വിധത്തിലാണ് നാലുവരി പാതയുടെ ഡിസൈൻ തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഈ വിശദീകരണങ്ങൾക്കിടെ പദ്ധതി മുൻകൂട്ടി നിശ്ചയിച്ചതാണെന്ന് ആരോപിച്ച് സിപിഐ പ്രതിനിധി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

