കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണയും പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
ആഗോളതലത്തിൽ ഇന്ധനവിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായെങ്കിലും, ഇന്ത്യയിൽ വർധന 10 ശതമാനത്തിൽ താഴെ മാത്രമാണെന്ന് എണ്ണക്കമ്പനികൾ വാദിക്കുന്നു. ആഗോള കണക്കുകൾ പരിശോധിക്കുമ്പോൾ
അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന് ശരാശരി 22.4 ശതമാനവും ഡീസലിന് 27 ശതമാനവും വില വർധിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ, യുഎഇ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ വർധന 30 മുതൽ 110% വരെയാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് യുഎഇയിൽ പെട്രോൾ വില ഏകദേശം 50 ശതമാനത്തോളം ഉയർന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ പെട്രോൾ വില 180 രൂപയ്ക്ക് മുകളിലും ഡീസലിന് 184 രൂപവരെയുമാണ് നിലവിലെ നിരക്ക്. ഇന്ത്യയിൽ മേയ് 15, 19, 23, 25 തീയതികളിലായി പെട്രോൾ, ഡീസൽ വിലയിൽ ശരാശരി 7.5 രൂപയാണ് വർധിച്ചത്.
കേരളത്തിലെ ഉയർന്ന നിരക്ക്
രാജ്യത്ത് ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. തിരുവനന്തപുരത്ത് പെട്രോൾ വില 115.49 രൂപയും ഡീസൽ വില 104.40 രൂപയുമാണ്.
തെലങ്കാനയും സമാനമായ ഉയർന്ന നിരക്കിലാണുള്ളത്. എന്നാൽ ഗുജറാത്ത്, ഉത്തർപ്രദേശ്, ഗോവ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വില 102 രൂപയോട് അടുത്താണ് നിൽക്കുന്നത്.
ഇന്ധനവിലയിലെ ‘ഷോക്ക്’ തുടരുമോ?
യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 120 ഡോളർ എത്തിയപ്പോഴും തിരഞ്ഞെടുപ്പുകൾ കാരണം എണ്ണക്കമ്പനികൾ വില പരിഷ്കരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം വില കൂട്ടിത്തുടങ്ങിയത് നഷ്ടം നികത്തുന്നതിനാണ്.
മാർച്ച് 27ലെ കണക്കുപ്രകാരം പെട്രോൾ ലിറ്ററിന് 26 രൂപയും ഡീസൽ 82 രൂപയും നഷ്ടത്തിലായിരുന്നു വിൽപന നടത്തിയിരുന്നത്. പ്രതിദിന നഷ്ടം ശരാശരി 1000 കോടിയായിരുന്നു.
നാല് തവണ വില കൂട്ടിയെങ്കിലും നഷ്ടം പൂർണ്ണമായി പരിഹരിക്കാത്തതിനാൽ വരുംദിവസങ്ങളിലും വില വർധനയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തിക ആഘാതം
ഇന്ധനവിലയിലെ ഈ വർധന സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇത് കാരണമാകുന്നുണ്ട്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
റീപ്പോ നിരക്ക് വർധിച്ചാൽ വായ്പകളുടെ തിരിച്ചടവ് ഭാരം വർധിക്കും. കൂടാതെ ചരക്കുകൂലി, യാത്രാ ടിക്കറ്റ് നിരക്ക്, ടാക്സി വാടക എന്നിവയിൽ വരും ദിവസങ്ങളിൽ വർധന പ്രതീക്ഷിക്കാം.
എൽപിജി വിലവർധന ഇതിനകം തന്നെ ഹോട്ടൽ ഭക്ഷണ നിരക്കിലും പ്രതിഫലിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

