തിരുവനന്തപുരം വിഴിഞ്ഞത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബാധ്യതയും തട്ടിയെടുത്ത സ്വർണം തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവുമാണ് വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂർ ചാവടിനട
രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവരെ കടുംകൈക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞ 30-ാം തീയതി തിയറ്റർ ജംക്ഷനിലെ കടയിൽനിന്നു വാങ്ങിയ ശീതളപാനീയത്തിൽ വിഷം കലർത്തി ഇരുവരും കോവളം ആവാടുതുറ ബീച്ചിലെത്തി കഴിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരി(53)യുടെ ചതിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് യുവതികൾ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പിന്റെ രീതി
യുവതികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സ്ഥിരമായി എത്തി വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു സിന്ധുകുമാരിയുടെ ഇടപെടലുകൾ.
പണയം വയ്ക്കുന്ന സ്വർണം കെഎസ്എഫ്ഇയിൽ കുറഞ്ഞ പലിശയ്ക്ക് പണയം വെച്ച് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ സ്വർണം കൈക്കലാക്കിയത്. തുടക്കത്തിൽ കൃത്യമായി സ്വർണം തിരികെ നൽകുകയും കമ്മിഷൻ നൽകുകയും ചെയ്തതോടെ പ്രതിയുടെ വിശ്വാസ്യത വർധിച്ചു.
പിന്നീട് കൂടുതൽ സ്വർണം കൈക്കലാക്കിയതോടെ സിന്ധുകുമാരി തട്ടിപ്പ് ആരംഭിക്കുകയായിരുന്നു. ഭീഷണിയും മാനസിക പീഡനവും
മരണത്തിന് ഒരാഴ്ച മുൻപും യുവതികൾ സ്വർണം തിരികെ ചോദിച്ചെങ്കിലും, സ്വർണം നൽകിയതിന് രേഖകളില്ലെന്ന് പറഞ്ഞ് സിന്ധുകുമാരി ഇവരെ പരിഹസിച്ചു.
മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ “പോയി ചാകാൻ” സിന്ധുകുമാരി വെല്ലുവിളിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പ്രതി നൽകിയ സ്വർണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അഞ്ജുവിനും ഐശ്വര്യക്കും തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടത്.
നഷ്ടപ്പെട്ട സ്വർണത്തിന് പകരം സ്വന്തം നിലയ്ക്ക് കടം വാങ്ങി സ്വർണം നൽകേണ്ടി വന്നതോടെ ഇവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.
വിപുലമായ തട്ടിപ്പ്
സിന്ധുകുമാരിയുടെ ചിത്രം പുറത്തുവന്നതോടെ കൂടുതൽ പരാതികളുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ 12 പരാതികളാണ് വിഴിഞ്ഞം പൊലീസിന് ലഭിച്ചിരിക്കുന്നത്.
നൂറു പവനിലധികം സ്വർണം ഇവർ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. ആഡംബര ജീവിതം നയിക്കുന്നതിനാണ് പ്രതി സ്വർണം വിറ്റ് പണം സമ്പാദിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. അഞ്ജുവിന്റെ ഭർത്താവ് വിഷ്ണു പറയുന്നതനുസരിച്ച്, വലിയൊരു തുകയുടെയും സ്വർണത്തിന്റെയും നഷ്ടമാണ് യുവതികളെ മാനസികമായി തളർത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
ഹെൽപ്ലൈൻ നമ്പരുകൾ: 1056, 0471- 2552056)

