നെല്ലിയാമ്പതി നിവാസികളുടെ പ്രിയങ്കരനായ കാട്ടാന ‘ചില്ലിക്കൊമ്പൻ’ ഇനി ഓർമ. തമിഴ്നാട്ടിലെ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള സേത്തുമട
പച്ചത്തണ്ണീർ പ്രദേശത്തെ കനാലിൽ വീണാണ് ഈ കാട്ടാന ചരിഞ്ഞത്. കനം കുറഞ്ഞ കൊമ്പുകളുള്ളതിനാലാണ് ഈ ആനയ്ക്ക് ‘ചില്ലിക്കൊമ്പൻ’ എന്ന പേരു ലഭിച്ചത്.
രണ്ട് പതിറ്റാണ്ടോളം നെല്ലിയാമ്പതിയുടെ വനമേഖലയിൽ സജീവമായിരുന്ന ഈ ആന, ഇവിടുത്തെ ജനങ്ങൾക്ക് നാട്ടാനയെപ്പോലെയായിരുന്നു. മനുഷ്യർക്ക് ഉപദ്രവകാരിയല്ലാത്ത രീതിയിലായിരുന്നു ഇതിന്റെ സഞ്ചാരം.
നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഈ ആന കൗതുകമായിരുന്നു. ചക്ക സീസണുകളിൽ സ്ഥിരമായി പ്രദേശത്തെത്തുന്ന ചില്ലിക്കൊമ്പൻ, പാടികൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ നാട്ടുകാർ ഭയന്ന് മാറിനിന്നാലും ആരെയും ഉപദ്രവിക്കാറില്ലായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് ആന തമിഴ്നാട് വനമേഖലയിലേക്ക് മടങ്ങിയത്. തമിഴ്നാട്–നെല്ലിയാമ്പതി അതിർത്തിയായിരുന്നു ചില്ലിക്കൊമ്പന്റെ പ്രധാന വിഹാരകേന്ദ്രം.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇരുപതടി താഴ്ചയുള്ള കനാലിൽ ആന കുടുങ്ങിക്കിടക്കുന്നത് തമിഴ്നാട് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ശക്തമായ നീരൊഴുക്കും ആനയുടെ ഭാരവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
കനാലിലെ ജലനിരപ്പ് കുറയ്ക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും, വൈകിട്ട് ആറരയോടെ ആന ചരിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് ജഡം കനാലിൽ നിന്നും കരയ്ക്കെത്തിച്ചത്.
ഇതിനെത്തുടർന്നാണ് ഇത് തങ്ങളുടെ പ്രിയപ്പെട്ട ചില്ലിക്കൊമ്പൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
കൃഷിക്കാവശ്യമായ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. വെള്ളം കുടിക്കാൻ എത്തുന്നതിനിടെ കാൽ വഴുതി കനാലിൽ വീണതാകാം അപകടകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഉദുമൽപേട്ട വനം ഡിവിഷൻ അധികൃതരുടെ നേതൃത്വത്തിൽ ആനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

