കോട്ടയം ജില്ലയിൽ ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശിയായ പി ആർ അഭിലാഷ് ആണ് പൊലീസിന്റെ അതിക്രമത്തിന് ഇരയായത്.
വൈദ്യുത കമ്പി മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. സ്വകാര്യ വാഹനത്തിലെത്തിയാണ് പൊലീസ് സംഘം അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിൽ വെച്ച് മർദിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്. സ്റ്റേഷനിൽ എത്തിച്ച ശേഷം അഭിലാഷിനെ പിന്നീട് വിട്ടയക്കുകയായിരുന്നു.
നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. സംഭവത്തിൽ പാലാ ഡിവൈഎസ്പിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, കസ്റ്റഡിമർദന ആരോപണം പൊലീസ് പൂർണമായി നിഷേധിച്ചു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സമയം മുതൽ പൊലീസ് ക്രൂരമായി മർദിച്ചെന്നും അടിവസ്ത്രം ധരിക്കാൻ പോലും അനുവദിച്ചില്ലെന്നും അഭിലാഷിന്റെ സഹോദരൻ ടി ടി വിനീഷ് വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ഉടനെ തന്നെ അഭിലാഷിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്ന് എസ് ടി പ്രമോട്ടർ ജിഷ്ണു തങ്കച്ചനും മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അഭിലാഷിന്റെ കുടുംബം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

