യുഎസുമായി പുതിയ കരാറിലെത്താൻ തയാറായില്ലെങ്കിൽ കടുത്ത സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഫ്ലോറിഡയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി ക്യാംപെയ്നിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
യുഎസുമായി കരാറിലെത്താൻ തയാറായില്ലെങ്കിൽ മറ്റൊരു ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നടക്കുമെന്നാണ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. ഫ്ലോറിഡ ഫോർട്ട് മെയേഴ്സിലുള്ള ഫ്ലോറിഡ ഗൾഫ് കോസ്റ്റ് യൂണിവേഴ്സിറ്റിയിലെ അലികെ അരീനയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്.
‘‘ഞങ്ങൾ മറ്റൊരു ചെറിയ എപിക് ഫ്യൂറി നടത്തും അല്ലെങ്കിൽ അവർ കരാറിനു സമ്മതിക്കും. ബുദ്ധിശാലികളാണെങ്കിൽ, നമുക്ക് കാര്യങ്ങളിലേക്കു കടക്കാം എന്ന് അവർ പറയും’’ – റിപ്പബ്ലിക്കൻ പാർട്ടി ക്യാംപെയ്നിൽ ഡോണൾഡ് ട്രംപ് പറഞ്ഞു.
ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ എപിക് ഫ്യൂറി. അന്ന് നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു.
ഇറാനെതിരെ ഇതിനു മുൻപ് നടത്തിയ സൈനിക നടപടികളിലൊന്നായ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിനെക്കുറിച്ചും ഡോണൾഡ് ട്രംപ് സംസാരിച്ചു. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിലൂടെ ഇറാന്റെ ആണവ സമ്പുഷ്ടീകരണ സംവിധാനങ്ങൾ പൂർണ്ണമായി തകർത്തതായും അദ്ദേഹം എടുത്തുപറഞ്ഞു.
തുർക്കിയിലെ യുഎസ് സ്ഥാനപതി ടോം ബാരക്ക് ഈ ആഴ്ച അവസാനം ഇറാനുനേരെ ആക്രമണം ഉണ്ടാകുമെന്ന് പ്രസ്താവന നടത്തി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ഈ മുന്നറിയിപ്പ്. ആക്രമണത്തെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് വ്യക്തമായ ധാരണയുണ്ടെന്നും എന്നാൽ കരാറുമായി ബന്ധപ്പെട്ട
ചർച്ചകൾക്ക് പ്രസിഡന്റ് എപ്പോഴും സന്നദ്ധനാണെന്നുമാണ് ഒരു പോഡ്കാസ്റ്റിൽ ടോം ബാരക്ക് വ്യക്തമാക്കിയത്. അതേസമയം, അമേരിക്കയുടെ പുതിയ നീക്കങ്ങൾക്ക് എതിരെ ശക്തമായ നിലപാടുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്.
തീകൊണ്ടു കളിക്കരുത് എന്നാണ് ഈ വിഷയത്തിൽ ഇറാന്റെ ഔദ്യോഗിക പ്രതികരണം. യുഎസും ഇസ്രയേലും തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കടലിനടിയിലെ പ്രധാനപ്പെട്ട
കമ്യൂണിക്കേഷൻ കേബിളുകൾ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

