സ്വർണവില രാജ്യാന്തര വിപണിയിൽ സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയിലാണ്. സെപ്റ്റംബർ 23ന് 4371 ഡോളറായിരുന്ന വില ഇപ്പോഴുള്ളത് 3995 ഡോളറിലാണ്.
ഒരുഘട്ടത്തിൽ 3978 ഡോളർ വരെ ഇടിയുകയും ചെയ്തു. കേരളത്തിൽ കഴിഞ്ഞയാഴ്ച പവൻവില 4080 രൂപ ഇടിഞ്ഞ് 1,04,480 രൂപയിൽ എത്തിയെങ്കിലും ഇന്ന് ‘അവിശ്വസനീയ’മായി അൽപം തിരിച്ചുകയറി.
രാജ്യാന്തരവില തുടർച്ചയായി താഴുമ്പോഴാണ് കേരളത്തിൽ ഈ തിരിച്ചുകയറ്റം ദൃശ്യമാകുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 13,070 രൂപയും പവന് 80 രൂപ ഉയർന്ന് 1,04,560 രൂപയുമാണ് ഇന്ന് കേരളത്തിലെ വിപണി നിരക്ക്.
18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ വർധിച്ച് 10,695 രൂപയായി മാറി. എന്നാൽ വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 220 രൂപയായി തുടരുന്നു.
ഇന്നലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില ഔൺസിന് 4015.50 ഡോളർ ആയിരുന്നു. എന്നാൽ ഇന്നു വില നിശ്ചയിക്കുമ്പോൾ ഇത് 3996.73 ഡോളറായി കുറഞ്ഞു.
അതായത്, ഇന്ന് കേരളത്തിൽ വില കുറയേണ്ടതായിരുന്നെങ്കിലും വിപണിയിൽ വില കൂട്ടുകയാണുണ്ടായത്. ക്രൂഡോയിൽ വില കത്തിക്കയറുന്നതും ഡോളറും ബോണ്ട് യീൽഡും കുതിച്ചുയരുന്നതുമാണ് രാജ്യാന്തരതലത്തിൽ സ്വർണവിലയെ ഇടിവിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ.
ഗൾഫിലെങ്ങും തിരിച്ചടി കൊടുക്കുമെന്നാണ് ഇതിനു ഇറാൻ നൽകിയ മറുപടി. എണ്ണ കേന്ദ്രങ്ങളും കടലിനടിയിലെ കേബിളുകളും ഉൾപ്പെടെ തകർക്കുമെന്നും ഇറാൻ പറയുന്നു.
ഇതിനിടെ, ഹൂതികൾ സൗദി അറേബ്യയെ ഉന്നമിട്ട് മിസൈൽ ആക്രമണങ്ങൾ നടത്തുന്നതും എണ്ണവില വർധനയ്ക്ക് വഴിവച്ചു. ബ്രെന്റ് ക്രൂഡ് വില 117 ഡോളറിനടുത്തെത്തിയപ്പോൾ അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 103 ഡോളറിന് മുകളിലായി.
എണ്ണവില കൂടിയതോടെ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടുമെന്ന ആശങ്കയും കനത്തു. ഇതോടെ യുഎസ് ഡോളർ സൂചികയും ബോണ്ട് യീൽഡും മുന്നേറിയത് സ്വർണത്തിന്റെ ഡിമാൻഡിന് മങ്ങലേൽപ്പിച്ചു.
ഗോൾഡ് ഇടിഎഫുകളിൽ നിന്ന് നിക്ഷേപം കൊഴിഞ്ഞതും തിരിച്ചടിയായി. വിറ്റൊഴിയൽ സമ്മർദം ശക്തമായാൽ രാജ്യാന്തരവില ഉടൻ 3930-3940 ഡോളറിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവിലയിൽ 1000 രൂപയിലധികം ഇടിവുണ്ടാകുകയും വില 1.03 ലക്ഷം രൂപ നിലവാരത്തിലേക്ക് താഴുകയും ചെയ്യാം. എന്നാൽ ഉടനടി ഒരുലക്ഷം രൂപയിലേക്കോ 99,000 രൂപ നിരക്കിലേക്കോ താഴില്ല.
മറിച്ച്, യുദ്ധപ്പേടി അകലുകയും എണ്ണവില താഴുകയും ചെയ്താൽ രാജ്യാന്തരവില 4200 ഡോളറിലേക്ക് തിരിച്ചുകയറുകയും പവൻവില 1.10 ലക്ഷം രൂപ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യും. 2026 ജനുവരിയിൽ രേഖപ്പെടുത്തിയ 5608.35 ഡോളറാണ് രാജ്യാന്തര സ്വർണവിലയുടെ റെക്കോർഡ്.
അതിനുശേഷം ഇതുവരെ 28.77% ഇടിവുണ്ടായിട്ടുണ്ട്. 2026 ജനുവരി 29ന് കേരളത്തിൽ പവൻവില 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമായിരുന്നു.
ഈ വിലത്തകർച്ച ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും പ്രത്യേകിച്ച് വിവാഹ പാർട്ടികൾക്കും വലിയ നേട്ടമാണ്. എന്നാൽ, നിക്ഷേപമായികണ്ട് സ്വർണത്തിൽ വലിയതോതിൽ പണമിറക്കിയവർ, സ്വർണം പണയംവച്ചോ വിറ്റോ അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാമെന്ന് വിചാരിച്ചവർ എന്നിവർക്ക് ഈ വിലയിടിവ് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
ഗ്രാം വില 10,000 രൂപയ്ക്കും പവൻവില 90,000 രൂപയ്ക്കും താഴെ എത്തുമോയെന്നാണ് ആഭരണപ്രേമികൾ ഇപ്പോൾ ചോദിക്കുന്നത്. വില ഇനി എന്ന് 1.20 ലക്ഷം രൂപയിലേക്കോ അതിനുമുകളിലേക്കോ ഉയരുമെന്ന ചോദ്യമാണ് നിക്ഷേപകരും സ്വർണം വിൽക്കാനും പണയംവയ്ക്കാനും ആഗ്രഹിക്കുന്നവരും ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

