നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നിയമനടപടികൾ നേരിടുന്നതിനിടയിലും പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിന് എതിരായ സൈബർ പോര് കോൺഗ്രസ് നേതാവ് രാഹുൽ മാക്കൂട്ടത്തിൽ ഉൾപ്പെട്ട സംഘർഷത്തിന് പിന്നാലെയാണ് കൂടുതൽ തീവ്രമായത്.
തനിക്കെതിരെ സാമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കെ.പി ഉദയഭാനു കോടതിയെ സമീപിക്കുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തത്. കെ.പി ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തി എന്നും അദ്ദേഹം ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈ വിവാദ പോസ്റ്റുകളാണ് നിയമനടലികളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വക്കീൽ നോട്ടീസ് പ്രകാരം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് എഴുതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ 15 ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നും നിർദ്ദേശത്തിലുണ്ട്. കെ.പി ഉദയഭാനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തി തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ വിമർശനങ്ങളെ കെ.പി ഉദയഭാനു എതിർത്തതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ വിവാദ പോസ്റ്റുമായി രംഗത്തെത്തിയത്.
മുൻപ് സിപിഐ വിട്ട് കോൺഗ്രസിൽ ചേക്കേറിയ നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

