കെട്ടിട ഉടമയ്ക്ക് മേൽ വ്യാജ പരാതി ഉന്നയിച്ച് വൻ തുക കൈക്കൂലി ആവശ്യപ്പെട്ട
കേസിൽ കൊച്ചി കോർപറേഷൻ ഓവർസിയറും കൂട്ടാളിയും വിജിലൻസിന്റെ പിടിയിലായി. കാലടി കാഞ്ഞാർ സ്വദേശി സീന പി.ആർ (45), ഇടനിലക്കാരനായ ആലുവ പള്ളിക്കുന്ന് സ്വദേശി ഷാനവാസ് പി.എ (44) എന്നിവരാണ് ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി വിജിലൻസ് എറണാകുളം യൂണിറ്റിന്റെ പിടിയിലായത്.
25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയാണ് സീന വിജിലൻസിന്റെ വലയിലായത്. കതൃക്കടവിലെ ഒരു വാണിജ്യ കെട്ടിടത്തിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം.
പരാതിക്കാരൻ കെയർടേക്കറായി ചുമതല വഹിച്ചിരുന്ന കലൂർ കതൃക്കടവിലുള്ള കെട്ടിടത്തിനു 2009ൽ കെട്ടിട നമ്പർ അനുവദിച്ച് പ്രവർത്തിച്ചു വരികയായിരുന്നു.
വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പുതിയ വാടകക്കാർക്ക് നൽകുന്നതിനു മുൻപ് ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഈ സമയം കെട്ടിടത്തിനെതിരെ ‘ലാൻഡ് ആന്റ് ബിൽഡിങ് സേഫ്റ്റി കൗൺസിൽ’ എന്ന സംഘടനയുടെ പേരിൽ ബിൽഡിങ് നിർമാണത്തിൽ മതിയായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും മറ്റും കാണിച്ച് ഷാനവാസ് കൊച്ചി കോർപറേഷനു പരാതി നൽകുകയായിരുന്നു.
പരാതി പരിഹരിക്കുന്നതിനായി കെട്ടിട ഉടമ കോർപറേഷൻ ഓവർസിയറായ സീനയെ നേരിൽ കണ്ട് രേഖകൾ സമർപ്പിക്കുകയും ഉദ്യോഗസ്ഥ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
തുടർന്ന് കെട്ടിട ഉടമയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് ഷാനവാസിനെ “സെറ്റിൽ ചെയ്യണം, നോർമൽ കോൾ വേണ്ട” എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടമയ്ക്ക് വേണ്ടി കെയർടേക്കറായ പരാതിക്കാരൻ കോർപറേഷൻ ഓഫിസിൽ എത്തി.
അവിടെയെത്തിയ പരാതിക്കാരന് സീന, ഷാനവാസിന്റെ ഫോൺ നമ്പർ നൽകി വിഷയം തീർപ്പാക്കാൻ നിർദേശിച്ചു. ഷാനവാസിനെ ബന്ധപ്പെട്ടപ്പോൾ പരാതി പിൻവലിക്കുന്നതിന് ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെടുകയും, ആ തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ ഒടുവിൽ 2 ലക്ഷം രൂപയായി കുറയ്ക്കുകയുമായിരുന്നു.
ഇതിനു പുറമെ സീനയ്ക്ക് 25,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. പരാതി പരിഹരിച്ച വിവരം സീനയെ വാട്സാപ്പ് കോൾ വഴി അറിയിക്കണമെന്നും സാധാരണ കോളുകൾ ചെയ്യരുതെന്നും ഷാനവാസ് കർശന നിർദേശം നൽകി.
ഇതനുസരിച്ച് പരാതിക്കാരൻ സീനയെ വാട്സാപ്പ് കോളിൽ വിളിച്ച് ഷാനവാസിനെ സെറ്റിൽ ചെയ്തെന്നും പരാതി പിൻവലിക്കാൻ അദ്ദേഹം സമ്മതിച്ചെന്നും അറിയിച്ചു. ബിൽഡിങ് യു.എ.
നമ്പർ ആയിക്കഴിഞ്ഞാൽ നികുതിയായും പിഴയായും മൂന്നിരട്ടിയിലധികം തുക അടക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിച്ച സീന, ഷാനവാസ് പറഞ്ഞ പ്രകാരമുള്ള 25,000 രൂപ ഉടമയോട് ചോദിച്ചു വാങ്ങി നൽകാനും ആവശ്യപ്പെടുകയായിരുന്നു. ഈ തുക കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് എത്തിച്ചു നൽകാനായിരുന്നു സീനയുടെ നിർദേശം.
എന്നാൽ വിവരം മുൻകൂട്ടി എറണാകുളം വിജിലൻസ് യൂണിറ്റിനെ അറിയിച്ചിരുന്നതിനാൽ സംഘം സ്ഥലത്ത് ശക്തമായ കെണിയൊരുക്കി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് വൈകിട്ട് 5.10ഓടെ കലൂർ ബസ് സ്റ്റാൻഡിനു സമീപം വെച്ച് പരാതിക്കാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സീനയെ വിജിലൻസ് സംഘം പിടികൂടിയത്.
പിന്നാലെ ഷാനവാസും അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളെ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

