തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിൽ നിർണ്ണായക ജനക്ഷേമ പ്രഖ്യാപനങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കായി ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
‘അന്നപൂർണി സൂപ്പർ സിക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 2027-ലെ പൊങ്കൽ മുതൽ പ്രാബല്യത്തിൽ വരും. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
പദ്ധതിയുടെ ഭാഗമായി മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ ആവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതാണ്. ഇതിനായി പ്രതിവർഷം ഏകദേശം 4,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം മൂലം പാചകവാതക സിലിണ്ടറുകൾക്ക് ഉണ്ടായ ക്ഷാമം കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്. നിലവിലുള്ള സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുജനങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനാണ് സർക്കാർ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു വർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ടിവികെ വാഗ്ദാനം നൽകിയിരുന്നു. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനുമാണ് സിലിണ്ടറുകൾക്കായി തുക നൽകാൻ തീരുമാനിച്ചതെന്ന് വിജയ് നിയമസഭയിൽ കൂട്ടിച്ചേർത്തു.
ഇതിനുപുറമെ, ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സ്ത്രീകൾക്കും സൗജന്യ ബസ് യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കായുള്ള ‘വെട്രി പയണ തിട്ടം’ പദ്ധതിയുടെ വിപുലീകരണമാണിതെന്ന് അദ്ദേഹം അറിയിച്ചു.
ഇതുപ്രകാരം സ്ത്രീകൾക്ക് എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. അന്തർ ജില്ലാ ബസ് സർവീസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.
വരുന്ന ഒക്ടോബർ 2ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

