തമിഴ്നാട്ടിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പുതിയ വിമാനത്താവള നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. സംസ്ഥാനത്ത് ഏറെ ചർച്ചയായ പരന്തൂർ പദ്ധതി ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്കെതിരെ മാസങ്ങളായി പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ താൽപ്പര്യങ്ങൾക്കൊപ്പമാണ് സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലാണ് വിവാദപരമായ ഈ വിമാനത്താവളം നിർമ്മിക്കാൻ മുൻപ് ഡിഎംകെ സർക്കാർ പദ്ധതിയിട്ടിരുന്നത്.
എന്നാൽ പദ്ധതിയുടെ ഭാഗമായി വലിയ തോതിൽ കൃഷിഭൂമി ഏറ്റെടുക്കേണ്ടി വരുന്നതും പ്രദേശത്തെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് വൻ ജനകീയ പ്രതിഷേധമാണ് ഉയർന്നുവന്നത്. കർഷകരും പ്രാദേശിക ജനങ്ങളും ഒത്തൊരുമിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
ടിവികെ രൂപീകരിച്ചതിന് പിന്നാലെ സമരമുഖത്ത് നേരിട്ടെത്തിയ വിജയ് പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വികസന പ്രവർത്തനങ്ങൾ അത്യാവശ്യമാണെങ്കിലും അത് കർഷകരുടെ ഉപജീവന മാർഗ്ഗങ്ങളെയും ക്ഷേമത്തെയും തകിടം മറിച്ചാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
2025-ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതിനെ തുടർന്ന് വിമാനത്താവള നിർമ്മാണ നടപടികളുമായി ഡിഎംകെ സർക്കാർ മുന്നോട്ട് പോയത് വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും വഴിതെളിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
‘പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണ്. നിർദിഷ്ട
വിമാനത്താവളത്തിനെതിരേ സമരംചെയ്യുന്നവർക്കൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു. അന്ന് ഞാൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയാണ്.
പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നടപടികൾ ഈ സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

