കൊച്ചിയിലെ കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമിക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്തു വകുപ്പ് ഔദ്യോഗികമായി ആരംഭിച്ചു. ഇതിന്റെ ഭാഗമായി 9.85 കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട
നിർമാണ ജോലികൾക്കായി ടെൻഡർ ക്ഷണിച്ചു. ഭാവിയിലെ വികസന സാധ്യതകൾ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് സ്റ്റീൽ സ്ട്രക്ചർ മാതൃകയിലാണ് പ്രാരംഭഘട്ട
നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 465.5 ചതുരശ്രമീറ്റർ തറ വിസ്തീർണവും 1283 ചതുരശ്രമീറ്റർ മേൽക്കൂര വിസ്തീർണവുമുള്ള കെട്ടിടമാണ് പണിയുക.
ഈ വർഷം ഫെബ്രുവരി മാസത്തിലാണ് കാരിക്കാമുറിയിൽ പുതിയ ബസ് ടെർമിനൽ നിർമിക്കുന്നതിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയത്. ഒന്നാം ഘട്ടത്തിനായി 13 കോടി രൂപയുടെ പദ്ധതിക്കാണു സർക്കാർ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
ഇതിൽ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെ പ്രവൃത്തികൾക്കാണ് ഇപ്പോൾ മരാമത്തു വകുപ്പ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കരാർ ഏറ്റെടുക്കുന്ന മുറയ്ക്ക് 18 മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ട് നിലകളിലായിട്ടാണ് പുതിയ ടെർമിനൽ യാഥാർത്ഥ്യമാക്കുന്നത്. പ്രധാന കെട്ടിടത്തിന് പുറമേ മേൽക്കൂരയോടുകൂടിയ ബസ് ബേകൾ, ബസുകളുടെ പ്രവേശനത്തിനും പുറത്തേക്കുള്ള യാത്രയ്ക്കുമായി പ്രത്യേക കവാടങ്ങൾ, ഡ്രെയ്നേജ് സംവിധാനം എന്നിവയും നിലവിലെ ടെൻഡർ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി സിസിടിവി നിരീക്ഷണ സംവിധാനവും പൊതു അറിയിപ്പ് സംവിധാനങ്ങളും (പബ്ലിക് അഡ്രസ് സിസ്റ്റം) സജ്ജമാക്കും. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 3.46 ഏക്കർ സ്ഥലത്താണ് പുതിയ സ്റ്റാൻഡ് നിർമാണം പുരോഗമിക്കുന്നത്.
നേരത്തേ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതി പിന്നീട് മുന്നോട്ടുപോയിരുന്നില്ല. തുടർന്നാണ് സംസ്ഥാന സർക്കാർ നേരിട്ട് ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും ദുർബലമായ സാഹചര്യത്തിലുള്ള ബസ് സ്റ്റാൻഡുകളിൽ ഒന്നായിരുന്നു എറണാകുളത്തേത്. മുൻപ് ടി.ജെ.
വിനോദ് എംഎൽഎയുടെ ഫണ്ടും വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള സ്റ്റാൻഡിന്റെ സൗകര്യങ്ങൾ ഭാഗികമായി മെച്ചപ്പെടുത്തിയിരുന്നു. എങ്കിലും പ്രദേശം താഴ്ന്നുകിടക്കുന്നതിനാൽ ശക്തമായ മഴയത്ത് ബസ് പാർക്കിംഗ് ഏരിയകളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

