ഓണക്കാലത്തോടനുബന്ധിച്ച് എരുമപ്പെട്ടി മേഖലയിലെ വിപണികളിൽ നേന്ത്രപ്പഴക്കുലകളുടെ സാന്നിധ്യം സജീവമായിക്കഴിഞ്ഞു. കടകളിലും വഴിയോരച്ചന്തകളിലും ഓണച്ചന്തകളിലും ഒരേപോലെ വ്യാപാരത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നിലവിലുള്ള പഴക്കുലകളിൽ ചെങ്ങാലിക്കോടൻ ഇനത്തിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. നിറത്തിലും രുചിയിലും ഭംഗിയിലും ഈ ഇനത്തെ വെല്ലാൻ മറ്റ് പഴങ്ങളില്ലെന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പഴയകാലത്ത് എരുമപ്പെട്ടി പഞ്ചായത്ത് ഉൾപ്പെടുന്ന ചെങ്ങഴിക്കോട് നാടുവാഴി മേഖലയിലെ തനതു വാഴയിനമായതിനാലാണ് ഇതിന് ഈ പേര് ലഭിച്ചതെന്ന് പഴമക്കാർ പറയുന്നു. ഏകദേശം 10 വർഷം മുൻപ് ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ഈ നാടൻ ഇനത്തിന്റെ പ്രശസ്തി കൂടുതൽ ഉയർന്നു.
സ്വർണനിറമാണെങ്കിലും പാകമാകുന്തോറും ഇതിന്റെ തോലിയിൽ പ്രത്യേക ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന പ്രത്യേകത. ഉത്രാടനാളിൽ ഗുരുവായൂരപ്പന് കാഴ്ചക്കുലയായി സമർപ്പിക്കുന്നതിനും, ഓണക്കാലത്ത് ആളുകൾ ബന്ധുവീടുകളിലേക്ക് സമ്മാനമായി കൊണ്ടുപോകുന്നതിനും ചെങ്ങാലിക്കോടൻ തന്നെയാണ് മുന്നിൽ.
അത്തം മുതൽ നാട്ടിൻപുറങ്ങളിലെ തോട്ടങ്ങളിൽനിന്നു മൂപ്പെത്തിയ കുലകൾ കർഷകർ വിപണിയിൽ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തവണ മുൻകൂട്ടിതന്നെ പച്ച നേന്ത്രക്കുലകൾ വിപണിയിലെത്തിയിട്ടുണ്ട്.
ലക്ഷണത്തൊത്ത ഒരു കുലയ്ക്ക് 14 മുതൽ 18 കിലോഗ്രാം വരെ തൂക്കം ഉണ്ടാകാറുണ്ട്. കിലോഗ്രാമിന് തുടക്കത്തിൽ 90 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത്, ഓണദിവസങ്ങൾ അടുത്തതോടെ വില 120 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു കഴിഞ്ഞു.
തിരുവോണം എത്തുന്നതോടെ വിപണിയിൽ വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് കർഷകർ വിലയിരുത്തുന്നു. എരുമപ്പെട്ടി, വേലൂർ, ചൂണ്ടൽ, കടങ്ങോട്, മുള്ളൂർക്കര, കൈപ്പറമ്പ്, മുണ്ടൂർ, വരവൂർ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലാണ് ചെങ്ങാലിക്കോടൻ കൃഷി പ്രധാനമായും വ്യാപകമായിട്ടുള്ളത്.
ഇതിൽ വരവൂർ പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് സംഘങ്ങളുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള കൃഷിയും നടക്കുന്നുണ്ട്. കാഴ്ചക്കുലകൾക്കായി മാത്രം പ്രത്യേക പരിചരണത്തോടെ നേന്ത്രവാഴ കൃഷി ചെയ്യുന്ന ഒട്ടനവധി കർഷകരുണ്ട്.
വാഴക്കന്നു തിരഞ്ഞെടുക്കുന്നത് മുതൽ കുല പാകമായി ഉണങ്ങിയ വാഴയില (മുളിയില) കൊണ്ട് കുലകൾ പൊതിഞ്ഞു നിർത്തുന്നത് വരെയുള്ള കാര്യങ്ങളിൽ കർഷകരുടെ നേരിട്ടുള്ള ശ്രദ്ധ ഉണ്ടാകാറുണ്ട്. ഈ നാടൻ ഇനത്തിന്റെ പ്രോത്സാഹനത്തിനും വിപണനത്തിനുമായി എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂർ ഗ്രാമത്തിൽ ചെങ്ങാലിക്കോടൻ ബനാന ഗ്രോവേഴ്സ് അസോസിയേഷൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അസോസിയേഷന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് കരിയന്നൂരിൽ സംസ്ഥാനപാതയോരത്ത് കഴിഞ്ഞ രണ്ട് വർഷമായി ചെങ്ങാലിക്കോടൻ ബനാന ഹബ്ബും പ്രവർത്തിച്ചുവരുന്നുണ്ട്. ഇവിടെനിന്നും പഴങ്ങൾക്ക് പുറമെ ചിപ്സ്, ശർക്കര വരട്ടി, വാഴക്കന്നുകൾ എന്നിവയും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

