തിരുവനന്തപുരം: തലസ്ഥാനത്ത് ഊബർ ടാക്സി വിളിച്ചുവരുത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരുമാതുറ സ്വദേശി സുഹൈൽ (32) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഈ അപൂർവ്വ സംഭവം അരങ്ങേറിയത്. വെഞ്ഞാറമൂട്ടിലേക്ക് യാത്ര ചെയ്യാനായി ഊബർ ടാക്സി ബുക്ക് ചെയ്ത ഇയാൾ, പുതുക്കുറിച്ചി എൽ.പി സ്കൂൾ ജംഗ്ഷനിൽ നിന്നാണ് വാഹനത്തിൽ കയറിയത്.
തുടർന്ന് വാഹനം പെരുമാതുറയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം ഡ്രൈവർ സജിമോനെ (48) ബലമായി തള്ളിമാറ്റി പ്രതി കാറുമായി കടന്നുകളയുകയായിരുന്നു.
കാപ്പ നിയമപ്രകാരമുള്ള ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി വെറും മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് സുഹൈൽ വീണ്ടും ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കക്കയക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രി മൂന്ന് പേരെ മർദ്ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഈ കേസിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് സംഘം പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. തലസ്ഥാനത്ത് പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടയിൽ പെരുമാതുറയിലെ ഒരു വീടിന്റെ മുകളിൽ ഒളിച്ചിരിക്കുകയായിരുന്നു സുഹൈൽ.
പൊലീസ് സ്ഥലത്തെത്തി വീട് വളഞ്ഞതോടെ ഇയാൾ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സാഹസികമായി പിന്തുടർന്ന പൊലീസ് സംഘം പെരുമാതുറ ബീച്ച് ഭാഗത്തുനിന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
കേസിൽ തട്ടിയെടുത്ത വാഹനം വലിയതുറ ഭാഗത്തുനിന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പിടിയിലാകുന്നതിനിടയിൽ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കഴുത്തിന് പരിക്കേറ്റ പ്രതിയെ വിദാഹ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഠിനംകുളം സബ് ഇൻസ്പെക്ടർ അനൂപ് എം.എൽ ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ തുമ്പ് കണ്ടെത്തി പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

