കാസർകോട് ജില്ലയിലെ എൻമകജെ ഗുണാജെയിൽ കെഎസ്ഇബിയുടെ ലക്ഷക്കണക്കിന് രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ നാലംഗ സംഘം പിടിയിലായി. ബദിയടുക്ക പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
ഏകദേശം നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എബി കേബിളുകളാണ് ഈ അന്തർസംസ്ഥാന സംഘം കവർന്നത്. കുറ്റകൃത്യം നടന്ന് 36 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞു.
അഡുക്ക സ്വദേശി നൗഷാദ് (34), ബംബ്രാണ സ്വദേശി മുഹമ്മദ് ഇ (42), ബണ്ട്വാൾ സ്വദേശികളായ മുഹമ്മദ് ഷാഹിദ് (29), നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 23ന് വൈകുന്നേരം 5 മണിക്കും സെപ്റ്റംബർ 24 രാവിലെ 9.30 നും ഇടയിലാണ് മോഷണം നടന്നത്.
ഗുണാജെയിലെ ട്രാൻസ്ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന കേബിളുകൾ KL 14 AE 9095 നമ്പർ വാഹനത്തിലെത്തിയ സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു. കെഎസ്ഇബിയുടെ പരാതിയെ തുടർന്ന് ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തിന് സമീപത്തെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, വാഹനം വാടകയ്ക്ക് എടുത്ത ഒന്നാം പ്രതി നൗഷാദിലേക്ക് പൊലീസ് എത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നൗഷാദ് കുറ്റം സമ്മതിച്ചു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽ നിന്നും, മറ്റ് പ്രതികളായ മുഹമ്മദ് ഷാഹിദ്, നവീൻ എന്നിവരെ മംഗലാപുരത്തു നിന്നുമാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തതോടെ മറ്റ് പല നിർണായക വിവരങ്ങളും പുറത്തുവന്നു. നീർച്ചാൽ വിഷ്ണു മൂർത്തി നഗറിലെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ നിന്നും ഇവർ ഇരുമ്പ് റോഡുകൾ മോഷ്ടിച്ചതായും വ്യക്തമായിട്ടുണ്ട്.
അന്തർസംസ്ഥാന മോഷണ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകൾക്കായുള്ള അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘം രൂപീകരിച്ചത്. കുമ്പള ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

