സംസ്ഥാനത്ത് ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ കഞ്ചാവ് പിടികൂടിയത്. 12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പൊലീസിന്റെ പിടിയിലായത്.
പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ മസാദുൽ ഇസ്ലാമിനെയാണ് (39) ഡാൻസാഫ് ടീമും മൂവാറ്റുപുഴ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്. ഒഡീഷയിൽ നിന്നും കഞ്ചാവ് ശേഖരിച്ച ശേഷം ട്രെയിൻ മാർഗമാണ് ഇയാൾ ആലുവയിൽ എത്തിച്ചേർന്നത്.
തുടർന്ന് ആലുവയിൽ നിന്നും ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ, തൃക്കളത്തൂർ സംഗമം പടിക്ക് സമീപം വെച്ച് പ്രതി പൊലീസിന്റെ വലയിലാവുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗുകളിൽ വളരെ വിദഗ്ധമായാണ് കഞ്ചാവ് പാക്ക് ചെയ്തു സൂക്ഷിച്ചിരുന്നത്.
കിലോഗ്രാമിന് 3,000 രൂപയ്ക്ക് ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ്, കേരളത്തിൽ എത്തിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ 25,000 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. മുൻപും സമാനമായ രീതിയിൽ ലഹരിക്കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
നർകോട്ടിക് സെൽ ഡിവൈഎസ്പി ബിനു കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജ്, മൂവാറ്റുപുഴ ഇൻസ്പെക്ടർ എം.എസ്.
ഫൈസൽ, സ്റ്റേഷൻ ഹൗസ് ഓഫിസർ സുബിൻ ബിജു, എസ്ഐമാരായ എസ്. ശ്രീനാഥ്, ദിലീപ് കുമാർ, ബിനു വർഗീസ്, സീനിയർ സിപിഒമാരായ കെ.വി.
ഗിരീഷ് കുമാർ, കെ.ടി. നിജാസ്, ബിനിൽ എൽദോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

