ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും അപായപ്പെടുത്തുകയും ചെയ്യുന്ന കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. ബിഹാറിലെ ബക്സറിൽ നിന്നാണ് രോഹിത് എന്ന പ്രതിയെ റെയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഹാറിലെ വൈശാലി നിവാസിയായ നിതിൻ കുമാറിൻ്റെ (21) മരണവുമായി ബന്ധപ്പെട്ടാണ് രോഹിത് തിവാരി പിടിയിലായത്. സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ മുൻപും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പണം ആവശ്യപ്പെട്ട ശേഷം ഇരകളെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നതാണ് രോഹിതിൻ്റെ രീതി.
കഴിഞ്ഞ സെപ്റ്റംബർ 19 ന് ദനാപൂർ സ്പെഷൽ ട്രെയിനിൽ ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന നിതിൻ കുമാറാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. ട്രെയിനിൽവെച്ച് നിതിൻ്റെ കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷമാണ് പ്രതി പുറത്തേക്ക് തള്ളിയിട്ടത്.
ഇതിനുപുറമെ, നിതിൻ്റെ കുടുംബത്തിൻ്റെ ഫോണിൽ ബന്ധപ്പെട്ട് 17,000 രൂപയും ആവശ്യപ്പെട്ടു. ട്രെയിനിൽ പുകവലിച്ചതിനുള്ള പിഴയായാണ് ഈ തുക ആവശ്യപ്പെടുന്നത് എന്നാണ് കുടുംബത്തോട് പറഞ്ഞത്.
ഭയംമൂലം കുടുംബം ഈ തുക ഓൺലൈനായി അയച്ചുകൊടുക്കുകയും ചെയ്തു. പണം ലഭിച്ചിട്ടും നിതിൻ കുമാറിന്റെ ജീവൻ വെറുതെ വിടാൻ പ്രതി തയ്യാറായില്ല.
കൈകാലുകൾ കയർകൊണ്ട് ബന്ധിച്ച നിലയിലുള്ള നിതിൻ്റെ മൃതദേഹമാണ് പിന്നീട് ബക്സറിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബക്സർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതിനിടെയാണ് 2024 ലും സമാനമായ രണ്ട് കുറ്റകൃത്യങ്ങൾ ബക്സർ മേഖലയിൽ നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. രണ്ടുപേരെ ട്രെയിനിൽനിന്നും തള്ളിയിട്ട് പരുക്കേൽപ്പിച്ച കേസിൽ പ്രതിയായ രോഹിത് രണ്ട് മാസം മുൻപ് ജയിലിൽനിന്നും പുറത്തിറങ്ങിയിരുന്നുവെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി.
തുടർന്ന് വാരാണസിയിൽ നിന്നാണ് രോഹിതിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മറ്റിച്ചതായി പൊലീസ് വ്യക്തമാക്കി.
കൂടാതെ, കഴിഞ്ഞ സെപ്റ്റംബർ 9 ന് ബിഹ്തയ്ക്കും ദനാപുർ റെയിൽവേ സ്റ്റേഷനുകൾക്കുമിടയിലുള്ള ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈലാഷ് കുമാറിൻ്റെ മരണത്തിലും രോഹിതിന് പങ്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വേഷപ്രച്ഛന്നനായാണ് രോഹിത് ട്രെയിനുകളിൽ കയറുന്നത് പതിവ്.
പൊലീസ് ഉദ്യോഗസ്ഥരായും ആർപിഎഫ് ഉദ്യോഗസ്ഥരായും റെയിൽവേ ജീവനക്കാരായുമാണ് ഇയാൾ ട്രെയിനുകളിൽ എത്തുന്നത്. തുടർന്ന് വാതിലുകൾക്ക് സമീപം ഒറ്റയ്ക്ക് നിൽക്കുന്ന യാത്രക്കാരെ കൃത്യമായി നിരീക്ഷിച്ചു ലക്ഷ്യം കാണും.
ഭിന്നശേഷിക്കാരെയും കുട്ടികളെയുമാണ് ഇയാൾ പണം തട്ടുന്നതിനായി കൂടുതലായി ഇരയാക്കിയിരുന്നത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിടുന്നതും പതിവായിരുന്നു.
ട്രെയിനുകളിൽ പുകവലിക്കുന്നതിൻ്റെ പേരിൽ കള്ളക്കേസുകൾ ചുമത്തി പിഴ ഈടാക്കുന്നതും ഇയാളുടെ പതിവായിരുന്നു. പണം നൽകാൻ വിസമ്മതിക്കുന്ന യാത്രികരെ അതിക്രൂരമായി ആക്രമിക്കുന്നതാണ് രോഹിതിൻ്റെ രീതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

