അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് ക്വറിയുടെ അടിസ്ഥാനത്തിൽ 2011ൽ വിരമിച്ച ഉദ്യോഗസ്ഥന്റെ ഗ്രാറ്റുവിറ്റിയും ലീവ് സറണ്ടറും 15 വർഷമായി തടഞ്ഞുവച്ച നടപടി അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാ ദത്തമായ അവകാശത്തിന്റെ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് വ്യക്തമാക്കി. കോഴിക്കോട് എൻഐടിയിൽ നിന്നും വിരമിച്ച കക്കോടി സ്വദേശി പി.പുരുഷോത്തമൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ജീവനക്കാരന്റെ അർഹമായ ആനുകൂല്യങ്ങൾ ഒന്നര പതിറ്റാണ്ടോളമായി വൈകിപ്പിക്കുന്ന വിഷയം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഓഡിറ്റ് അതോറിറ്റിയുടെയും ശ്രദ്ധയിൽ മുൻഗണനാടിസ്ഥാനത്തിൽ അവതരിപ്പിക്കണം. തുടർന്ന് നിശ്ചിത സമയപരിധിക്കുള്ളിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന് എൻഐടി ഡയറക്ടർക്ക് കമ്മിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമപരമായ തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ പരാതിക്കാരന് ലഭിക്കേണ്ട വിരമിക്കൽ ആനുകൂല്യങ്ങൾ അർഹമായ പലിശ സഹിതം യാതൊരു കാലതാമസവുമില്ലാതെ അനുവദിച്ച് നൽകണം.
ഇത് വഴി പരാതിക്കാരന്റെ മൗലികമായ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കെ.ബൈജുനാഥ് തന്റെ ഉത്തരവിലൂടെ ഓർമ്മിപ്പിച്ചു. പരാതിക്കാരൻ ഇതുവരെ സമർപ്പിച്ചിട്ടുള്ള ഹർജികൾ അനുതാപ പൂർണ്ണമായ സമീപനത്തോടെ പരിഗണിച്ച് യുക്തിസഹമായ ഒരു തീരുമാനം അടുത്ത രണ്ടു മാസത്തിനകം അദ്ദേഹത്തെ നേരിട്ട് അറിയിക്കണമെന്നും ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ചിട്ടുള്ള തുടർനടടികൾ രണ്ടു മാസത്തിനകം കമ്മീഷന് മുമ്പാകെ റിപ്പോർട്ട് ചെയ്യണം. സേവനത്തിൽ നിന്നും വിരമിച്ച ഒരു ജീവനക്കാരനെ അനിശ്ചിതത്വത്തിന്റെ വഴികളിൽ അനന്തകാലം തുടരാൻ അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

