ഗാന്ധിനഗർ: സുരേന്ദ്രനഗറിലെ ജിമ്മിൽ യുവതികളുടെ ദൃശ്യങ്ങൾ പകർത്താൻ രഹസ്യ ക്യാമറകൾ സ്ഥാപിച്ചതായി പരാതി. ജിമ്മിലെത്തുന്ന പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതായി ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിം മാനേജർ അമിൻ മുൾട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ജിമ്മിൽ നടത്തിയ റെയ്ഡിൽ പെൻ ഡ്രൈവ്, ബ്ലാങ്ക് ചെക്കുകൾ, റജിസ്റ്ററുകൾ തുടങ്ങിയ വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. സുരേന്ദ്രനഗറിലെ ദുധ്രേജ് റോഡിലും 80 ഫീറ്റ് റോഡിലും പ്രവർത്തിക്കുന്ന രണ്ട് ജിമ്മുകളിലാണ് പരിശോധന നടന്നത്.
നഗരത്തിൽ നിന്നുള്ള നിരവധി പെൺകുട്ടികൾ പരിശീലനത്തിനായി ഇവിടെയെത്തുന്നുണ്ട്. ജിമ്മിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പൊലീസിന് ലഭിച്ച ഒരു കത്താണ് ഈ അന്വേഷണത്തിന് അടിസ്ഥാനമായത്.
വസ്ത്രം മാറുന്ന മുറിയിൽ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ ശേഷം പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നാണ് സ്ത്രീ കത്തിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പരാതിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സാധാരണ വേഷത്തിൽ ജിമ്മിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.
ഇവിടെനിന്നും പിടിച്ചെടുത്ത പെൻഡ്രൈവിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകളും വിഡിയോകളും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ പരിശോധനയ്ക്കായി പെൻഡ്രൈവ് ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
എന്നാൽ പരിശോധനയിൽ ജിമ്മിനുള്ളിൽ നേരിട്ട് ക്യാമറകൾ കണ്ടെത്താനായില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

