ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ, ഗ്വാട്ടിമാലൻ വിപ്ലവ കവി ഒട്ടോ റെനെ കാസ്റ്റിലോയുടെ ‘അരാഷ്ട്രീയ ബുദ്ധിജീവികൾ’ എന്ന കവിതയിലെ വരികൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. സംവിധായകൻ ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട
വരികളാണ് ഇന്നത്തെ യുവജനങ്ങളുടെ ഡിജിറ്റൽ പ്രതിഷേധായുധമായി മാറുന്നത്. യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിയുമ്പോൾ എന്തുചെയ്യുകയായിരുന്നു നിങ്ങൾ എന്ന കവി Wടടുത്ത ചോദ്യമാണ് ഇപ്പോൾ ഓൺലൈൻ ഇടങ്ങളിൽ മുഴങ്ങുന്നത്.
സിജെപി നടത്തുന്ന സമരങ്ങളെ പോലീസ് നേരിടുന്ന സാഹചര്യത്തിൽ, അതിനെതിരെയുള്ള ശക്തമായ പ്രതിരോധമായി ഈ വരികൾ മാറിക്കഴിഞ്ഞു. രാജ്യം പട്ടാള സ്വേച്ഛാധിപത്യത്തിന് കീഴിൽ അമരുകയും സാധാരണ ജനങ്ങൾ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്ത കാലഘട്ടത്തിലാണ് കാസ്റ്റിലോ ഈ കവിത രചിച്ചത്.
വിപ്ലവ പോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി അദ്ദേഹം പിന്നീട് കൊല്ലപ്പെടുകയായിരുന്നു. സമൂഹത്തോട് യാതൊരുവിധ പ്രതിബദ്ധതയും പുലർത്താത്ത സാംസ്കാരിക നായകന്മാരെയും എഴുത്തുകാരെയും നേരിട്ട് ചോദ്യം ചെയ്യുന്നതാണ് ഈ കൃതി.
1970-കളിൽ കേരളത്തിലെ യുവാക്കളെ ആവേശഭരിതരാക്കിയ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പതനത്തിനു ശേഷമുള്ള കാലഘട്ടമാണ് ‘അമ്മ അറിയാൻ’ എന്ന സിനിമയുടെ പശ്ചാത്തലം. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം നടപ്പാക്കിയ ക്രൂരതകളും പ്രസ്ഥാനം തകർന്നതോടെ ലക്ഷ്യമില്ലാതെ അലഞ്ഞ യുവാക്കളുടെ മാനസികാവസ്ഥയുമാണ് ചിത്രം ചർച്ച ചെയ്തത്.
ഇന്നത്തെ കാലത്ത് വിദ്യാർത്ഥികളും യുവാക്കളും തെരുവിൽ പോലീസിന്റെ അടിച്ചമർത്തലുകൾക്ക് ഇരയാകുമ്പോഴും, രാജ്യത്തെ പ്രമുഖരായ പല എഴുത്തുകാരും സാംസ്കാരിക നായകന്മാരും സിനിമാതാരങ്ങളും മൗനം പാലിക്കുകയാണ്. എന്നാൽ, തങ്ങളെ കേവലം വോട്ട് ബാങ്ക് മാത്രമായി കണ്ട
ഭരണാധികാരികളോടും തങ്ങൾക്കായി ശബ്ദമുയർത്താത്ത പ്രമുഖരോടും തെരുവിൽ സമരം ചെയ്യുന്ന സാധാരണക്കാരായ മനുഷ്യർ നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമായിട്ടാണ് ഈ കവിതയുടെ പ്രചാരണം വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

