സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെ കനത്ത ജാഗ്രതാ നിർദേശം. ജില്ലയിലെ മലയോര മേഖലകളിൽ രാത്രികാല യാത്രകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കരുതെന്നും അധികൃതർ ഉത്തരവിട്ടു.
മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ മൂന്നാർ മേഖലയിൽ ഗതാഗത ക്രമീകരണങ്ങൾ മാറ്റിവരച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഴയ മൂന്നാറിൽ നിന്നും വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് കടത്തിവിടുന്നത്.
ഇതനുസരിച്ച് വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തിച്ചേരുവാൻ. ജില്ലയിൽ ഇടവിട്ട് മഴ തുടരുന്ന പശ്ചാത്തലത്തിൽ അടിമാലി പഴംമ്പള്ളിച്ചാൽ പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കൂടാതെ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വിവിധ ഇടങ്ങളിലായി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. എങ്കിലും അടിമാലി മേഖലയിൽ നിലവിൽ മഴയുടെ കാഠ്ശ്യം അല്പം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേര്യമംഗലം – വാളറ പാതയിലൂടെ യാത്രാവേളകളിൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മഴ കനത്തതോടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

