കോട്ടയം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനായി പദ്ധതികൾ അതിവേഗം നടപ്പാക്കാൻ അധികൃതരുടെ തീരുമാനം. താൽക്കാലികമായി നടപ്പിലാക്കാൻ സാധിക്കുന്ന പരിഷ്കാരങ്ങളും ശാശ്വതമായ പരിഹാരങ്ങളും അടങ്ങിയ രണ്ട് ഘട്ടങ്ങളായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി, താൽക്കാലിക നിർദേശങ്ങൾ രൂപീകരിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ കർശനമായി തടയുന്നതിന്റെ ഭാഗമായി നഗരത്തിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ആലോചനകളും പുരോഗമിക്കുകയാണ്.
ദേശീയപാതയിൽ ഏറ്റവും കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബസേലിയസ് കോളജ് ജംക്ഷനിൽ ക്യാമറയോ പ്രത്യേക നിരീക്ഷണ സംവിധാനമോ ഇല്ലാത്തത് ഗുരുതരമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡിൽ സെൻട്രൽ ജംക്ഷനും പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനും ഇടയിലുള്ള ദൂരപരിധിയിൽ ക്യാമറകൾ ഇല്ലാത്തതാണ് നിയമലംഘനങ്ങൾ വർധിക്കാൻ ഇടയാക്കുന്ന പ്രധാന കാരണം.
സെൻട്രൽ ജംക്ഷനിലെ നിരീക്ഷണ ക്യാമറയ്ക്ക് കെകെ റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിക്കുമെങ്കിലും, അടുത്ത ക്യാമറ സ്ഥാപിച്ചിരിക്കുന്നത് പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു മുന്നിലാണ്. ഇതിനിടയിലുള്ള തിരക്കേറിയ ബസേലിയസ് കോളജ് ജംക്ഷനിൽ പൊലീസിന്റെ സാന്നിധ്യത്തിൽപോലും വ്യാപകമായി നിയമലംഘനങ്ങൾ നടക്കുന്നു.
ഈ ഭാഗത്ത് ട്രാഫിക് സിഗ്നൽ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, കഞ്ഞിക്കുഴി ഭാഗത്തു നിന്നു ജനറൽ ആശുപത്രി ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾ ഊഴം കാത്തുനിൽക്കാതെ നിരതെറ്റി തെറ്റായ ദിശയിലൂടെ മുന്നോട്ട് പോകുന്നത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിവെക്കുന്നത്. ഈ സമയത്ത് ജനറൽ ആശുപത്രി ഭാഗത്തു നിന്നു കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഈരയിൽക്കടവ്, ഗുഡ്ഷെപ്പേഡ് റോഡ് എന്നിവയ്ക്കു പുറമേ ചെല്ലിയൊഴുക്കം ഭാഗത്തെ രണ്ട് ഇടറോഡുകളിൽ നിന്നും ഇപ്പോൾ വൻതോതിൽ വാഹനങ്ങൾ ബസേലിയസ് കോളജ് ജംക്ഷൻ വഴി എത്തിച്ചേരുന്നുണ്ട്.
ഇതോടെ നഗരത്തിൽ ഏറ്റവും അധികം ഗതാഗത നിയന്ത്രണം ശ്രദ്ധിക്കേണ്ട പ്രധാന മേഖലയായി ബസേലിയസ് കോളജ് ജംക്ഷൻ മാറിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

