കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മൂന്നുപേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തോടെ സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയരുകയാണ്.
ഈ വാർത്തയുടെ നടുക്കത്തിൽ നിന്നും ഇടുക്കി ജില്ല ഇതുവരെ മോചിതമായിട്ടില്ല. അമിതവേഗതയിൽ പായുന്ന ഭാരവാഹനങ്ങൾ ജില്ലയിലും നിരവധി ജീവനുകൾ അപഹരിച്ചിട്ടുണ്ട്.
ഇതോടെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി. തൊടുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അമിതവേഗതയും നിയമലംഘനങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അമിതഭാരം കയറ്റുന്നതിന് പുറമെ, സുരക്ഷാ സംവിധാനങ്ങളില്ലാതെ കരിങ്കല്ലും മെറ്റലും കൊണ്ടുപോകുന്നതും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ലോഡ് കയറ്റുമ്പോൾ പാലിക്കേണ്ട
പ്രാഥമിക മാനദണ്ഡങ്ങൾ പോലും പലപ്പോഴും കാറ്റിൽ പറത്തുകയാണ് പതിവ്. നിയമങ്ങൾ ലംഘിക്കപ്പെടുന്നു
മണലും മെറ്റലും കൊണ്ടുപോകുന്ന വാഹനങ്ങൾ അവയുടെ മുകൾഭാഗം മൂടണമെന്ന കർശന നിയമം നിലവിലുണ്ട്.
എന്നാൽ മിക്ക വാഹനങ്ങളും ഇത് പാലിക്കുന്നില്ല. ഇതിലൂടെ പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ മേൽ മെറ്റലും പൊടിയും വീഴുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
വളവുകളിൽ അമിതവേഗതയിൽ തിരിയുമ്പോൾ ലോറിയിൽ നിന്നും പാറക്കല്ലുകൾ റോഡിലേക്ക് പതിക്കുന്നതും പതിവാണ്. ജില്ലയിൽ സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5 വരെയും ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സഞ്ചാര വിലക്കുണ്ട്.
എന്നാൽ ഈ നിരോധനം പലയിടങ്ങളിലും ലംഘിക്കപ്പെടുന്നു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാൻ അധികൃതർ മടിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
അമിതഭാരവുമായി പായുന്ന ടിപ്പറുകൾ റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുന്നതായി പരാതിയുണ്ട്. ശങ്കപ്പൻപാറ-പുത്തടി റോഡിലെ ദുരവസ്ഥ
ശാന്തൻപാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ശങ്കപ്പൻപാറ-പുത്തടി റോഡ് ടിപ്പറുകളുടെ അമിത ഉപയോഗം മൂലം പൂർണ്ണമായും തകർന്നിരിക്കുകയാണ്.
സമീപത്തെ ക്വാറിയിൽ നിന്നും പാറയുമായി എത്തുന്ന വാഹനങ്ങൾ ഈ റോഡ് വഴിയാണ് കടന്നുപോകുന്നത്. തമിഴ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഈ മേഖലയിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്കൂൾ സമയങ്ങളിൽ പോലും ടിപ്പറുകൾ പായുന്നത്.
നിരവധി തവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

