മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഇറാൻ രംഗത്തെത്തി. പ്രതിസന്ധി ഘട്ടത്തിൽ യാതൊരു കാരണവശാലും ഹിസ്ബുള്ളയെ കൈവിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയുണ്ടായി.
ഇത് സംബന്ധിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറലിന് അദ്ദേഹം പ്രത്യേക സന്ദേശം അയക്കുകയും ചെയ്തു. അമേരിക്കയുമായി ഇറാൻ നയതന്ത്ര ധാരണകളിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കുള്ള ഇറാന്റെ ഈ നിർണായക പ്രഖ്യാപനം.
അതിനിടെ, അമേരിക്കയുമായി നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും പ്രധാന തർക്കവിഷയങ്ങളിൽ പലതിലും അനുകൂലമായ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ചില നിർണായക വിഷയങ്ങളിൽ കൂടി ഇനി അന്തിമ ധാരണയിലെത്താനുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സാമ്പത്തിക സ്വത്തുക്കൾ ആദ്യം തന്നെ വിട്ടുനൽകണമെന്ന കർശന നിലപാടിലാണ് ഇറാൻ.
ഈ വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടായാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന സൂചനയാണ് രാജ്യം നൽകുന്നത്. യു.എസുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും പ്രാദേശിക സഖ്യകക്ഷികളെ ഒപ്പം നിർത്തുമെന്ന ഇറാന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

