സൗദി അറേബ്യയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട്ട
സ്വദേശിയായ പ്രഭാകർ (49) ആണ് മരണപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ നിന്നും 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ സൈറ എന്ന പ്രദേശത്താണ് സംഭവം.
പ്രഭാകറിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് വിദഗ്ധ മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി സൗദിയിലെ പ്രമുഖ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
ദമ്മാമിൽ നിന്നും ഹഫർ അൽ ബാത്തിനിലേക്ക് ചരക്കുമായി പുറപ്പെട്ട ഒമ്പത് ട്രക്കുകളുടെ കൂട്ടത്തിലായിരുന്നു പ്രഭാകറിന്റെ വാഹനവുമുണ്ടായിരുന്നത്.
എന്നാൽ നിശ്ചിത സമയത്തിനകം മറ്റ് വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും പ്രഭാകറിന്റെ ട്രക്ക് എത്താതിരുന്നതോടെ സഹപ്രവർത്തകർക്ക് ആശങ്കയുണ്ടായി. തുടർന്ന് നടത്തിയ ഫോൺ കോളുകൾക്ക് മറുപടി ലഭിക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൽ സൈറയിൽ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ ജീവനറ്റ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് അൽ സൈറ പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അൽ സൈറ പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികൾ വേഗത്തിലാക്കുകയായിരുന്നു. ആവശ്യമായ പൊലീസ്, ഫോറൻസിക്, മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലേക്ക് അയച്ചു.
എംബാമിങ്, എയർ ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും പ്രഭാകർ ജോലി ചെയ്തിരുന്ന കമ്പനിയാണ് വഹിച്ചത്. ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാര ചടങ്ങുകൾ നടത്തി.
പളനിവേലാണ് പിതാവ്, മാതാവ് വേലായു, ഭാര്യ യോഗലക്ഷ്മി, മക്കൾ മണികണ്ഠൻ, മനോജ് കുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

