തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ മൊബൈൽ ഫോൺ ചാർജറിന്റെ അഡാപ്റ്ററിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ മൂന്ന് ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. കിളിമാനൂർ പൊരുന്തമൺ സ്വദേശിയായ അബിൻ.
പി. ആർ (21) ആണ് ഡാൻസാഫ് സംഘത്തിന്റെയും കിളിമാനൂർ പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെ പിടിയിലായത്.
സംസ്ഥാനത്ത് പൊലീസ് വ്യാഴാഴ്ച മുതൽ ശക്തമാക്കിയിട്ടുള്ള ‘ഓപ്പറേഷൻ തുഫാൻ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ നടപടി. കിളിമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വ്യാപക വിപണനം നടക്കുന്നുണ്ടെന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി പ്രശാന്തൻകാണി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്.
പൊരുന്തമൺ മേഖലയിൽ പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ രീതിയിൽ എത്തിയ ബൈക്ക് തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതിയുടെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ചാർജറിന്റെ അഡാപ്റ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്.
ബാംഗ്ലൂരിൽ നിന്നുമാണ് ഈ ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കിളിമാനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ നിസാർ, എസ്ഐ ഓസ്റ്റിൻ, ഡാൻസാഫ് എസ്ഐമാരായ എഫ്.
ഫയാസ്, ബി. ദിലീപ്, എഎസ്ഐ ദിനോർ, സിപിഒമാരായ ലിജു, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

