കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിലായി.
വയൽക്കര സ്വദേശികളായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2025 ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരണപ്പെട്ടത്.
മരണത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനാഫലം നിർണ്ണായകമായി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പ്രതിയായ ഷിജിൻ സ്ഥിരമായി മദ്യപിച്ചെത്തി കുഞ്ഞിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്ന് ഭാര്യ അഞ്ജന പോലീസിന് മൊഴി നൽകി. കുഞ്ഞിനെതിരായ മർദനം അറിഞ്ഞിട്ടും അത് മറച്ചുവെച്ചതാണ് അഞ്ജനക്കെതിരായ കുറ്റം.
പ്രതിയായ ഷിജിൻ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി അന്വേഷണ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

