കൊയിലാണ്ടിയിൽ പുതിയ വികസന പദ്ധതികൾക്ക് തുടക്കമായി. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് പിഎംഎംഎസ്വൈ പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാംഘട്ട
വികസന പ്രവർത്തനങ്ങളുടെയും, തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച അരയങ്കാവ്–കുത്തംവള്ളി റോഡിന്റെയും അനുബന്ധ പാലങ്ങളുടെയും ഔദ്യോഗിക ഉദ്ഘാടനം ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ നിർവഹിച്ചു. ചടങ്ങിൽ കെ.പ്രവീൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഷാഫി പറമ്പിൽ എംപി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹാർബറിന്റെ രണ്ടാം ഘട്ട
വികസനത്തിനായി 20.90 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 100 മീറ്റർ നീളമുള്ള ഫിംഗർ ജെട്ടി, ലോക്കർ മുറികൾ, നെറ്റ് മെൻഡിങ് ഷെഡ്, കോൺക്രീറ്റ് പാർക്കിങ് ഏരിയ, വിശ്രമ മന്ദിരം, ആന്തരിക റോഡുകൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ 5.88 കോടി രൂപ ചെലവഴിച്ച് ഹാർബറിൽ ഡ്രഡ്ജിങ് പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. കൊയിലാണ്ടി ഗുരുകുലം ബീച്ച് റോഡിനെ കൊല്ലം ബീച്ച് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ കോൺക്രീറ്റ് റോഡും, 10 മീറ്ററും 6 മീറ്ററും നീളമുള്ള രണ്ട് കോൺക്രീറ്റ് പാലങ്ങളുമാണ് 1.61 കോടി രൂപ ചെലവഴിച്ച് അരയങ്കാവ്–കുത്തംവള്ളി പദ്ധതിയിൽ നിർമിച്ചിട്ടുള്ളത്.
കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ.ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സി.ടി.ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം.നജീബ്, വാർഡ് കൗൺസിലർമാരായ കെ.വി.സുരേഷ്, നുസൈബ അസ്സയിനാർ, കെ.എം.ഷമീം, ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി.അനീഷ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.പി.വിനീത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

