സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന് പാർട്ടിക്കുള്ളിൽ നിന്നോ മുന്നണിക്കുള്ളിൽ നിന്നോ യാതൊരുവിധ സമ്മർദ്ദവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
അത്തരം വാർത്തകളെല്ലാം തികച്ചും മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം ദില്ലിയിൽ പറഞ്ഞു. മുസ്ലിം ലീഗ് തനിക്കുമേൽ യാതൊരു സമ്മർദ്ദവും ചെലുത്തുന്നില്ലെന്നും, ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ശൂന്യത തീവ്രശക്തികൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
1940-കളിലെ മുസ്ലിം ലീഗല്ല നിലവിൽ കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് ഒറ്റക്കെട്ടായി ഒരു ഒറ്റ പാർട്ടിയായി പ്രവർത്തിച്ചതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചതെന്നും, ഇപ്പോഴും ആ രീതി തുടരുന്നത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങൾ ഇപ്പോൾ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന ഒരു സാഹചര്യമാണുള്ളത്. ആർക്കും ആരെ വേണമെങ്കിലും അപകീർത്തിപ്പെടുത്താനും യഥാർത്ഥ കുറ്റക്കാരെ വെള്ളപൂശാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോയാൽ ഒന്നും ചെയ്യാനാകില്ലെന്നും സ്വന്തം നിലപാടുകളിൽ സ്വയം ബോധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരെങ്കിലും തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് തിരുത്താൻ താൻ തയ്യാറാണെന്നും, മാനുഷികമായ തെറ്റുകൾ എല്ലാവർക്കുമുള്ളതുപോലെ തനിക്കും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുവേള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. നയപരമായ വിഷയങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്യുമെങ്കിലും ദൈനംദിന ഭരണകാര്യങ്ങളിൽ അതിന് സാധിക്കില്ല.
മന്ത്രിസഭയ്ക്കകത്ത് തന്നെ മുതിർന്ന നേതാക്കൾ ഉള്ളതിനാൽ ഭരണപരമായ തീരുമാനങ്ങളെല്ലാം നേതാക്കളോടും മന്ത്രിമാരോടും കൂടിയാലോചിച്ച ശേഷമാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ ഒരു യുദ്ധവും പ്രഖ്യാപിച്ചിട്ടില്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ കേന്ദ്രവുമായി സഹകരിച്ചു നീങ്ങുമെന്നും എന്നാൽ ബിജെപിയെ പ്രത്യയശാസ്ത്രപരമായി ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

