സംസ്ഥാനത്ത് ജനജീവിതത്തിന് ഭീഷണിയായിമാറിയ അക്രമകാരികളായ കാട്ടാനകളെ ഉന്മൂലനം ചെയ്യണമെന്ന ശക്തമായ നിലപാടുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി രംഗത്ത്.
ഇതിനായി സർക്കാർ അടിയന്തരമായി മുൻകൈയെടുത്ത് മലയോര ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ വനമേഖലകളിൽ മാത്രം ഇതുവരെ അറുപതോളം പേരാണ് കാട്ടാനകളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നാല് വിലപ്പെട്ട ജീവനുകളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.
ഈ സാഹചര്യത്തിൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും എം.എം. മണി ചൂണ്ടിക്കാണിച്ചു.
പൊതുജനങ്ങളുടെ ആശങ്കയും ഭയവും അകറ്റേണ്ടത് സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്തമാണ്. ഇതിന്റെ പൂർണ്ണ ചുമതല വനം വകുപ്പിനും പൊലീസിനുമാണുള്ളത്.
ഈ വിഷയത്തിൽ സർക്കാർ അലംഭാവം വെടിഞ്ഞ് കർശന നടപടികൾ സ്വീകരിക്കണം. മനുഷ്യരുടെ ജീവനെടുക്കുന്ന കൊലയാളി ആനകളെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നും, മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
വനം വകുപ്പും പൊലീസും ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

