ശ്രീനഗർ: ജമ്മു കശ്മീരിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കോളേജ് ലൈബ്രറികളിൽ നിന്നും 4,200-ലധികം പുസ്തകങ്ങൾ പിൻവലിച്ചതായി സർക്കാർ നിയമസഭയെ അറിയിച്ചു. ലാംഗേറ്റ് എം.എൽ.എയും അവാമി ഇത്തിഹാദ് പാർട്ടി നേതാവുമായ ഷെയ്ഖ് ഖുർഷീദ് ഉന്നയിച്ച ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ആകെ 4,249 പുസ്തകങ്ങളാണ് വിതരണത്തിൽ നിന്നും ലൈബ്രറികളിൽ നിന്നും പിൻവലിച്ചിട്ടുള്ളത്. ഇതിൽ 94 ശതമാനം കശ്മീർ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്നാണ്.
കശ്മീർ ഡിവിഷനിൽ നിന്ന് 3,996 പുസ്തകങ്ങളും ജമ്മു ഡിവിഷനിൽ നിന്ന് 253 പുസ്തകങ്ങളുമാണ് മാറ്റിയത്. ഇതിനുപുറമെ, 2025 ഓഗസ്റ്റിലെ ഉത്തരവ് പ്രകാരം ഔദ്യോഗികമായി നിരോധിച്ച 19 തലക്കെട്ടുകളിലുള്ള 518 പുസ്തക പ്രതികളും ശേഖരങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജ് തലം, ഡയറക്ടറേറ്റ് തലം, അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റ് തലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന പരിശോധനയിലാണ് നടപടി. ആകെ 21.81 ലക്ഷത്തിലധികം (21,81,582) പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് സമിതികൾ പരിശോധിച്ചത്.
ഇതിൽ 12.48 ലക്ഷത്തോളം പുസ്തകങ്ങൾ കശ്മീരിലും 9.32 ലക്ഷത്തോളം പുസ്തകങ്ങൾ ജമ്മുവിലുമാണ് പരിശോധിച്ചത്. വിശാലവും സങ്കീർണ്ണവുമായ പ്രക്രിയയായതിനാൽ കൂടുതൽ പുസ്തകങ്ങളുടെ ഉള്ളടക്ക പരിശോധന തുടർന്നു വരികയാണെന്നും സർക്കാർ അറിയിച്ചു.
ഭരണഘടനാ മൂല്യങ്ങൾ, അക്കാദമിക് സ്വാതന്ത്ര്യം, ശാസ്ത്രീയ മനോഭാവം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവ പ്രോത്സാഹിപ്പിക്കേണ്ട കേന്ദ്രങ്ങളാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ ചോദ്യം ചെയ്യുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ, തീവ്രവാദത്തെ അനാവശ്യമായി മഹത്വവൽക്കരിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ ഒഴിവാക്കാനാണ് വ്യക്തമായ മാനദണ്ഡങ്ങളോടെ അക്കാദമിക് ഓഡിറ്റും പരിശോധനയും നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ വ്യക്തമാക്കുന്നു. അതേസമയം, സർക്കാരിന്റെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി എം.എൽ.എ ഷെയ്ഖ് ഖുർഷീദ് രംഗത്തെത്തി.
ഏതൊക്കെ പുസ്തകങ്ങളാണ്, ഏതെല്ലാം എഴുത്തുകാരുടെ കൃതികളാണ് പിൻവലിക്കപ്പെട്ടതെന്നതിന്റെ വിശദമായ പട്ടിക സർക്കാർ നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാനും വരും ദിവസങ്ങളിൽ സഭയിൽ ഇത് പിന്തുടരാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

