ധാക്കയിൽ ഒരാഴ്ചയായി കാണാതായ ജ്വല്ലറി ഉടമയുടെ മൃതദേഹം ജലാശയത്തിൽ വീപ്പയ്ക്കുള്ളിൽ അടച്ചുകെട്ടിയ നിലയിൽ കണ്ടെത്തി. ബംഗ്ലദേശിലെ മൈമെൻസിങ് ജില്ലയിലെ ബെഗുൻബാരി പ്രദേശത്തെ ജലാശയത്തിലാണ് നിരഞ്ജൻ ചന്ദ്ര സൂത്രധർ (50) എന്ന ജ്വല്ലറി ഉടമയുടെ മൃതദേഹം കണ്ടെത്തിയത്.
മൈമെൻസിങ്ങിലെ അതർബാരി ബിൽഡിങ് ഏരിയയിൽ ബിസിനസ് പങ്കാളികൾക്കൊപ്പം സ്വർണ വ്യാപാരം നടത്തിവരികയായിരുന്നു നിരഞ്ജൻ ചന്ദ്ര. മൃതദേഹം വീപ്പയിലാക്കി ജലാശയത്തിൽ തള്ളുന്നതിന് മുൻപ് തന്നെ നിരഞ്ജൻ കൊല ചെയ്യപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ അടയാളങ്ങളായി ഉണ്ട്. കഴിഞ്ഞ ബുധനാഴ്ച ജലാശയത്തിൽ പ്ലാസ്റ്റിക് വീപ്പ ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട
നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വീപ്പ കരയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തോടൊപ്പം ലഭിച്ച മൈമെൻസിങ് ഹിന്ദു കോഓപ്പറേറ്റീവ് ക്രെഡിറ്റ് യൂണിയന്റെ രേഖകളാണ് മരണപ്പെട്ടയാളെ തിരിച്ചറിയാൻ സഹായകമായത്. ഉടൻതന്നെ പൊലീസ് കുടുംബവുമായി ബന്ധപ്പെടുകയും ഭാര്യ നേരിട്ടെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
ബംഗ്ലദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ലെന്ന തരത്തിലുള്ള പരാതികൾ ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം പുറത്തുവന്നിരിക്കുന്നത്. ഭാര്യയ്ക്കും മകനുമൊപ്പം വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു നിരഞ്ജൻ.
കഴിഞ്ഞ സെപ്റ്റംബർ 20 ന് സ്വന്തം വീട്ടിൽ നിന്നും പുറത്തുപോയ അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

