റായ്പൂർ: ഛത്തീസ്ഗഢിലെ പ്രമുഖ കാർഷിക സർവകലാശാലയിൽ പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ പ്രൊഫസർ അടക്കം ആറുപേരെ പോലീസ് പിടികൂടി. ബി.എസ്.സി.
രണ്ടാം വർഷ എൻഡമോളജി പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. ഔദ്യോഗികമായി ലഭിച്ച പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് വെറും 36 മണിക്കൂറിനകമാണ് റായ്പൂർ പോലീസിന്റെ ഭാഗത്തുനിന്നും ഈ നിർണായക നടപടിയുണ്ടായത്.
സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്ത്, നൂറോളം ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളജിലെ പ്രൊഫസറായ യോഗേഷ് സോൻകേസരിയ ആണ് ഈ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി സർവകലാശാലയിൽ നിന്നും ചോദ്യപ്പേപ്പറുകൾ സുരക്ഷിതമായി എത്തിക്കുന്നതും ഉത്തരക്കടലാസുകൾ ശേഖരിച്ച് സമർപ്പിക്കുന്നതും ഈ പ്രൊഫസറുടെ ചുമതലയായിരുന്നു. പോലീസ് കണ്ടെത്തലുകൾ പ്രകാരം, ചോദ്യപ്പേപ്പർ അടങ്ങിയ സീൽ ചെയ്ത കവറിൽ സൂചി ഉപയോഗിച്ച് ചെറിയൊരു തുളയുണ്ടാക്കിയ ശേഷം എൻഡോസ്കോപ്പി ക്യാമറ ഘടിപ്പിച്ചാണ് ചോദ്യങ്ങൾ പകർത്തിയത്.
സീലിന് യാതൊരു കേടുപാടുകളും വരുത്താതെയായിരുന്നു ഈ കൃത്രിമം. തുടർന്ന് ചോർത്തിയെടുത്ത ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് 11000 രൂപ നിരക്കിൽ വിറ്റഴിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയവുമായി ബന്ധപ്പെട്ടാണ് ഈ ഗുരുതര ക്രമക്കേട് പുറത്തുവന്നത്. പ്രൊഫസർക്ക് പുറമെ അഞ്ച് വിദ്യാർത്ഥികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിൽ ഇനി രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്, ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പലിനെയും ഡീനിനെയും പോലീസ് ചോദ്യം ചെയ്യും.
ചോദ്യപേപ്പർ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് സർവകലാശാല പരീക്ഷ റദ്ദാക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം, ചോദ്യപേപ്പർ ചോർച്ചാ സംഭവത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ശക്തമായ അമർഷം രേഖപ്പെടുത്തി.
പരീക്ഷാ നടത്തിപ്പിലെ സുതാര്യതയിലും വിശ്വാസ്യതയിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം കർശനമായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല അഞ്ചംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

