ഇന്ത്യൻ വാഹന വിപണിയിൽ നവീനമായൊരു എസ്യുവി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വരാനിരിക്കുന്ന ഈ വാഹനം 2026 ഡിസംബറിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രസ്തുത പുതിയ മോഡൽ മഹീന്ദ്ര വിഷൻ എസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. എന്നാൽ വാഹനത്തിന്റെ ഔദ്യോഗിക പേരും സാങ്കേതിക വിവരങ്ങളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2025 ഓഗസ്റ്റിലാണ് മഹീന്ദ്ര വിഷൻ എസ് കൺസെപ്റ്റ് ആദ്യമായി അവതരിപ്പിച്ചത്. ഒന്നിലധികം എൻജിൻ ഓപ്ഷനുകളെ പിന്തുണയ്ക്കുന്ന പുത്തൻ പ്ലാറ്റ്ഫോമിലാണ് ഈ എസ്യുവി നിർമിക്കുന്നത്.
പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ ഈ പ്ലാറ്റ്ഫോം മഹീന്ദ്രയുടെ വരാനിരിക്കുന്ന മോഡലുകൾക്കും ഏറെ നിർണായകമാകും. പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ പ്രകാരം കൺസെപ്റ്റ് മോഡലിന്റെ പരുക്കൻ രൂപവും ഉയർന്ന ബോഡി ഡിസൈനും പ്രൊഡക്ഷൻ പതിപ്പിലും നിലനിർത്തുമെന്നാണ് വ്യക്തമാകുന്നത്.
മുൻവശത്ത് മൂന്ന് തിരശ്ചീന സ്ലാറ്റുകളുള്ള പുതിയ ആറ് സ്ലോട്ട് ഗ്രിൽ, താർ റോക്സിന് സമാനമായ വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, സ്പോർട്ടി ബമ്പർ, വീതിയേറിയ എയർ ഡാം എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കാം. വശങ്ങളിൽ ഡ്യുവൽ ടോൺ അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, വീതിയേറിയ വീൽ ആർച്ചുകൾ, ബോഡിയോട് ചേർന്നുനിൽക്കുന്ന ഡോർ ഹാൻഡിലുകൾ എന്നിവ പ്രധാന സവിശേഷതകളാകും.
പിൻഭാഗത്ത് ലംബമായി ക്രമീകരിച്ച എൽഇഡി ടെയിൽ ലാമ്പുകളും ടെയിൽഗേറ്റിന് കുറുകെയുള്ള എൽഇഡി ലൈറ്റ് സ്ട്രിപ്പും നൽകിയേക്കാം. ടെയിൽഗേറ്റിൽ ഘടിപ്പിച്ചിട്ടുള്ള സ്പെയർ വീൽ വാഹനത്തിന്റെ പരുക്കൻ ഭംഗിക്ക് മാറ്റുകൂട്ടും.
ഉൽപ്പാദന പതിപ്പിൽ പ്രായോഗികതയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. താർ റോക്സിന് സമാനമായ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, എക്സ്യുവി 7എക്സ്ഒയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട
രണ്ട് സ്പോക്ക് സ്റ്റിയറിങ് വീൽ, പുതുക്കിയ ഡാഷ്ബോർഡ് എന്നിവ വാഹനത്തിന് ലഭിച്ചേക്കും. കൂടാതെ ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, ഓട്ടോ ഹോൾഡ് സംവിധാനമുള്ള ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഒന്നിലധികം എയർബാഗുകൾ, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ ആധുനിക ഫീച്ചറുകളും പ്രതീക്ഷിക്കാവുന്നതാണ്.
പുതിയ എസ്യുവിയുടെ എൻജിൻ വിവരങ്ങൾ മഹീന്ദ്ര ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 1.5 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകൾ ഇതിൽ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭാവിയിൽ പൂർണമായും ഇലക്ട്രിക് പതിപ്പും ഈ ശ്രേണിയിൽ ഉൾപ്പെടുത്തിയേക്കാനിടയുണ്ട്. വരാനിരിക്കുന്ന പുതിയ മഹീന്ദ്ര വിഷൻ എസ്യുടെ പ്രാരംഭ എക്സ്ഷോറൂം വില ഏകദേശം 10.50 ലക്ഷം രൂപ മുതൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ ഉയർന്ന വകഭേദത്തിന് ഏകദേശം 15 ലക്ഷം രൂപ വരെ വില വന്നേക്കാം. എങ്കിലും വില സംബന്ധിച്ച അന്തിമ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിപണിയിൽ എത്തിക്കഴിഞ്ഞാൽ, 2027ൽ എത്തും എന്ന് പ്രതീക്ഷിക്കുന്ന ടാറ്റ സ്കാർലെറ്റ്, റെനോ ബ്രിഡ്ജർ തുടങ്ങിയ എസ്യുവികളുമായിട്ടായിരിക്കും പുതിയ മഹീന്ദ്ര മോഡൽ പ്രധാനമായും മത്സരിക്കുക. ആകർഷകമായ ഡിസൈൻ, നൂതന ഫീച്ചറുകൾ, ഒന്നിലധികം പവർട്രെയിൻ സാധ്യതകൾ എന്നിവയിലൂടെ പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.
വാഹനത്തിന്റെ ഔദ്യോഗിക പേര്, എൻജിൻ സവിശേഷതകൾ, വിവിധ വകഭേദങ്ങൾ, കൃത്യമായ വില എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

