കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ കളിക്കളത്തിൽ നാടകീയ സംഭവങ്ങൾ. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിൽ കൈയാങ്കളിയുടെ വക്കത്തോളം എത്തിയ സംഭവമാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
മത്സരത്തിന്റെ 17-ാം ഓവറിലായിരുന്നു നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്. അസിതയ്ക്കെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ നേടി ഹാട്രിക് ബൗണ്ടറി പൂർത്തിയാക്കിയ ജയ്സ്വാൾ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു.
എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ ഇൻസൈഡ് എഡ്ജ് ആയി താരം ബൗൾഡായി പുറത്താകുകയായിരുന്നു. പുറത്തായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന യശസ്വി ജയ്സ്വാളിനോട് അസിത നടത്തിയ പ്രകോപനപരമായ പരാമർശങ്ങളാണ് താരത്തെ ചൊടിപ്പിച്ചത്.
തിരിച്ചെത്തിയ ജയ്സ്വാൾ അസിതയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തലകൊണ്ട് ഇടിക്കാൻ ശ്രമിക്കുന്ന തരത്തിൽ അടുത്തേക്ക് ചെല്ലുകയും ചെയ്തു. അസിതയുടെ തലയിൽ തലകൊണ്ട് തൊട്ടെങ്കിലും, പെട്ടെന്നുതന്നെ ലങ്കൻ താരങ്ങളും ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും ഇടപെട്ട് ജയ്സ്വാളിനെ പിന്തിരിപ്പിക്കുകയായിരുന്നു.
അച്ചടക്ക നടപടിക്ക് സാധ്യത
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.18, 2.19 പ്രകാരം കളിക്കളത്തിലെ ശാരീരിക ആക്രമണങ്ങളും അക്രമപ്രവർത്തനങ്ങളും ഏറ്റവും ഗുരുതരമായ ‘ലെവൽ 4’ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഉൾപ്പെടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ താരത്തിന് കുറഞ്ഞത് 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്നോ 10 ഏകദിനങ്ങളിൽ നിന്നോ വിലക്ക് നേരിടേണ്ടി വന്നേക്കാം.
സംഭവത്തിൽ യശസ്വി ജയ്സ്വാളിനെതിരെ ശക്തമായ നടപടി ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം, മത്സരത്തിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

