തമിഴ്നാട്ടിലെ നവജാതശിശുക്കൾക്കായി മുഖ്യമന്ത്രി സി.ജോസഫ് വിജയ് നടപ്പിലാക്കുന്ന സ്വർണ മോതിര സമ്മാന പദ്ധതിയുടെ നിർമാണവും വിതരണവും പ്രമുഖ ജ്വല്ലറി ശൃംഖലകളായ ജോയ് ആലുക്കാസും കല്യാൺ ജ്വല്ലേഴ്സും ചേർന്ന് നിർവഹിക്കും. ഏകദേശം 755 കോടി രൂപ മൊത്തം മൂല്യം വരുന്ന ‘തായ് മാമൻ, തങ്ക മോതിരം’ പദ്ധതിയുടെ സർവീസ് ചാർജ് ടെൻഡർ വെറും ഒരു പൈസയ്ക്കാണ് ഇരു സ്ഥാപനങ്ങളും സ്വന്തമാക്കിയത്.
ഇതിൽ 70 ശതമാനം പ്രവൃത്തി ജോയ്ആലുക്കാസിനും 30 ശതമാനം കല്യാൺ ജ്വല്ലേഴ്സിനുമാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 മുതൽ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിച്ചതും, 2027 മാർച്ച് 31 വരെ ജനിക്കാനിരിക്കുന്നതുമായ ഏകദേശം 4.41 ലക്ഷം നവജാത ശിശുക്കൾക്കാണ് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്നത്.
ഇതിന്റെ ഭാഗമായി ജൂൺ 22 മുതൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന സെപ്റ്റംബർ 15 വരെയുള്ള നാല് മാസക്കാലയളവിലേക്ക് 1,28,499 സ്വർണ മോതിരങ്ങൾ നിർമിക്കുന്നതിനുള്ള കരാറാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വിവിധ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ പങ്കെടുത്ത കടുത്ത മത്സരത്തിൽ, ജോയ്ആലുക്കാസ് വെറും ഒരു പൈസയാണ് സർവീസ് ചാർജായി ക്വോട്ട് ചെയ്തത്.
ഈ ടെൻഡറിൽ രണ്ടാമതെത്തിയ സ്ഥാപനം 410.97 രൂപയാണ് ക്വോട്ട് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. മോതിരങ്ങളുടെ നിർമാണച്ചെലവ്, വിതരണം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയെല്ലാം ഉൾപ്പെടെയാണ് ഈ കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്.
സ്വർണത്തിന്റെ നിലവിലെ വിപണി വില തമിഴ്നാട് സർക്കാരാണ് നൽകുന്നത്. ലാഭം ലക്ഷ്യമിടാതെ പൂർണമായും സേവനമെന്ന നിലയിലാണ് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് വ്യക്തമാക്കി.
വിതരണം ചെയ്യുന്ന ഓരോ സ്വർണ മോതിരത്തിലും ഉയർന്ന പരിശുദ്ധിയും ഗുണനിലവാരവും ഔദ്യോഗിക ഹാൾമാർക്കിങ് മാനദണ്ഡങ്ങളും കർശനമായി ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

