ഉള്ളാൾ, മംഗളൂരു റെയിൽവേ സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാൻ തീരുമാനമായതോടെ, കാസർകോട് ജില്ലയിൽ സമ്പൂർണ പിറ്റ് ലൈൻ ഉൾപ്പെടെയുള്ള ടെർമിനൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ഷൊർണൂർ കഴിഞ്ഞാൽ മംഗളൂരു മാത്രമാണ് പിറ്റ് ലൈൻ അടക്കമുള്ള ടെർമിനൽ സ്റ്റേഷനുള്ളത്.
കേരളത്തിലൂടെ തെക്കോട്ട് പുതിയ സർവീസുകൾ ആരംഭിക്കുന്നതിന് ഈ സൗകര്യം അതീവ നിർണായകമാണ്. കുമ്പള സ്റ്റേഷന്റെ പരിധിയിൽ റെയിൽവേക്ക് വലിയ തോതിൽ ഭൂമിയുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
ഇക്കാര്യത്തിൽ പ്രാഥമിക നടപടികൾ പോലും തുടങ്ങിയിട്ടില്ലെന്ന് 2022 മാർച്ച് 16ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ചോദ്യത്തിന് റെയിൽവേ മന്ത്രാലയം മറുപടി നൽകിയിരുന്നു. അന്ന് ലോക്സഭയിൽ നൽകിയ മറുപടിയിൽ 25.3 ഏക്കർ ഭൂമി ഉണ്ടെന്നായിരുന്നു കണക്ക്.
എന്നാൽ 2023ലെ ലോക്സഭ രേഖ പ്രകാരം ഇത് 37.6 ഏക്കറായി ഉയർന്നു. കണ്ണൂർ – മംഗളൂരു പാതയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കുമ്പളയിലാണ്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഫാക്ടറി, കെൽ ഇഎംഎൽ, വിവിധ വ്യവസായ ഏരിയകൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്നുണ്ട്.
എന്നിട്ടും സമഗ്രമായ കോച്ചിങ് ടെർമിനൽ പദ്ധതിക്കായി കുമ്പള സ്റ്റേഷനെ ഉപയോഗപ്പെടുത്തുന്നതിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ശക്തമായ ജനകീയ സമ്മർദങ്ങളും ഇതുവരെ ഉയർന്നു വന്നിട്ടില്ല.
ഭാവിയിൽ ടെർമിനൽ യാഥാർത്ഥ്യമായാൽ ഏകദേശം 1.65 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമായി വരും. നിലവിൽ കർണാടകയിലെ കുമ്പനൂർ സബ്സ്റ്റേഷനിൽ നിന്നാണ് ഉപ്പള റെയിൽവേ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തുന്നത്.
പൈവളിഗെ സൗരോർജ പ്ലാന്റിൽ നിന്നുൾപ്പെടെയുള്ള പ്രത്യേക വൈദ്യുതി ലഭ്യത ഉറപ്പാക്കിക്കൊണ്ട് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. നീലേശ്വരത്തും ബേക്കലിലും റെയിൽവേക്ക് സ്വന്തമായി സ്ഥലമുള്ളതിനാൽ ഈ സ്റ്റേഷനുകളും ടെർമിനൽ പരിഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
എങ്കിലും കാസർകോട് ടൗണിനോട് ചേർന്നുനിൽക്കുന്ന വടക്കേ അറ്റത്തെ പ്രധാന സ്റ്റേഷൻ എന്ന നിലയിൽ കുമ്പളയ്ക്ക് തന്നെയാകും ആദ്യ പരിഗണന ലഭിക്കുക. അതിനിടെ, പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ രംഗത്തെത്തി.
തിരുവോണ നാളായ 26ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസിനു മുൻപിൽ എംപിമാർ ഉപവാസ സത്യഗ്രഹം നടത്തും. യുഡിഎഫ് എംപിമാരുടെ ഓൺലൈൻ യോഗത്തിലാണ് ഈ സമരപരിപാടി തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

