തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങളും വിപുലമായ സുരക്ഷാക്രമീകരണങ്ങളും നിലവിൽ വന്നതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന ആരംഭിക്കും. ഈ സമയത്തിന് ശേഷം സാധുവായ ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
മത്സരത്തിനെത്തുന്ന കാണികളുടെ സൗകര്യാർത്ഥം വിവിധ കേന്ദ്രങ്ങളിൽ പാർക്കിങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ കാര്യവട്ടം, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ട്, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പൊതുജനങ്ങൾക്കായി പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
വി.ഐ.പികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നിലുള്ള സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ടിലും, വി.വി.ഐ.പികൾക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്. പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരിച്ചും കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പ്രത്യേക വാഹന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
രാവിലെ 10 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും. റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കാറുകളിൽ പരമാവധി ആളുകൾ ഒന്നിച്ച് യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കേണ്ടതാണ്.
ശ്രീകാര്യം ഭാഗത്തുനിന്ന് വരുന്നവർ ചാവടിമുക്ക്- കുളത്തൂർ വഴിയും യാത്ര ചെയ്യണം. കൂടാതെ, ചെങ്കോട്ടുകോണം- കാര്യവട്ടം റൂട്ടിലും ഗതാഗത നിയന്ത്രണം ബാധകമായിരിക്കും.
സ്റ്റേഡിയം പരിസരത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി കാണികൾ പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി, കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും സിറ്റി പോലീസ് കമ്മിഷണർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

