പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകിയ ബയോളജി അധ്യാപകന്റെ ക്ലാസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
വിഡിയോയിൽ അധ്യാപകൻ വെള്ളരിക്കയും കോണ്ടവും ഉപയോഗിച്ച് വിദ്യാർഥികൾക്ക് പ്രായോഗികമായി വിഷയം കൈകാര്യം ചെയ്യുന്നത് വ്യക്തമായി കാണാൻ സാധിക്കും. ചന്ദൻ കുമാർ പണ്ഡിറ്റ് എന്ന ബയോളജി അധ്യാപകൻ എടുത്ത ക്ലാസിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ വൈറലായി മാറിയത്.
ഇത്തരം സുപ്രധാന വിഷയങ്ങൾ തുറന്നു പറയാൻ ധൈര്യം കാട്ടിയ അധ്യാപകനെ പ്രശംസിച്ചും ഒട്ടേറെപ്പേർ രംഗത്തുവന്നു. അതേസമയം, ക്ലാസ് എടുത്ത രീതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടും വലിയൊരു വിഭാഗം ആളുകൾ എതിർപ്പുമായി എത്തിയിട്ടുണ്ട്.
ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകൾ തടയാൻ കോണ്ടം സഹായിക്കുമെന്നും ജനന നിയന്ത്രണത്തിലും പ്രത്യുൽപാദന ആരോഗ്യത്തിലും കോണ്ടത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും അധ്യാപകൻ ക്ലാസിൽ വിശദീകരിക്കുന്നുണ്ട്. കോണ്ടം എങ്ങനെ ധരിക്കണമെന്നും അതെങ്ങനെ പ്രവർത്തിക്കുന്നു എന്നും ചന്ദൻ കുമാർ പണ്ഡിറ്റ് ക്ലാസിൽ വ്യക്തമാക്കി നൽകുന്നുണ്ട്.
ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. സിലബസ് അനുസരിച്ചുള്ള ലൈംഗിക ആരോഗ്യവും ജനന നിയന്ത്രണവും എന്ന വിഷയത്തെ കുറിച്ചുള്ള വിശദീകരണമാണ് താൻ നടത്തിയതെന്നും ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾ ഒന്നും തന്നെ ലംഘിച്ചിട്ടില്ലെന്നും അധ്യാപകൻ കുറിച്ചു.
ഇത്തരം കാര്യങ്ങൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പിൽ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമത്തിലൂടെ മാത്രം രണ്ട് കോടിയാളം ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.
വിഷയം വളരെ തുറന്ന രീതിയിൽ പരസ്യമായി അഭിസംബോധന ചെയ്തതിന് ഒട്ടേറെപ്പേർ അധ്യാപകനെ അഭിനന്ദിച്ചപ്പോൾ, ഇത് വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് നശിപ്പിക്കുന്നതെന്ന് വിമർശിക്കുന്നവരും കുറിക്കുകയുണ്ടായി. വിഷയം പഠിപ്പിക്കുന്നത് തെറ്റല്ലെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ എടുക്കണമെന്നും, ആൺകുട്ടികളെ പുരുഷ അധ്യാപകരും പെൺകുട്ടികളെ അധ്യാപികമാരും ഇത്തരം വിഷയങ്ങൾ പഠിപ്പിക്കണമെന്നുമാണ് ചിലരുടെ പ്രധാന അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

