തിരുവനന്തപുരം: ഇഡി കേസ് പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. മ്യൂസിയം പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്ന വിവാദ സംഭവത്തിലാണ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചത്.
സ്റ്റേഷനിൽ എത്തിയ പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവർത്തകർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം നടത്തി റീൽസ് ചിത്രീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഈ സംഭവത്തിൽ അന്വേഷണം നടത്താൻ എഡിജിപി പി വിജയൻ ആയിരുന്നു നിർദേശം നൽകിയിരുന്നത്. സ്റ്റേഷനിൽ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിർത്തിയെന്നും, ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ റിപ്പോർട്ട് ഉടൻ തന്നെ ദക്ഷിണ മേഖല ഐജിക്ക് സമർപ്പിക്കും. തുടർന്ന് വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അന്തിമ തീരുമാനം കൈക്കൊള്ളും.
ഭരണം മാറിയത് അറിയാത്ത ചിലയാളുകൾ ഇപ്പോഴും സേനയിൽ ഉണ്ടെന്നും, അതിന്റെ ദോഷമാണിതെന്നുമാണ് മന്ത്രി കെ മുരളീധരൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം, ഐ പി ബിനു പൊലീസുകാരുടെ സമാന നിറത്തിലുള്ള ഷർട്ട് ധരിച്ചതുമായി ബന്ധപ്പെട്ട
കാര്യങ്ങളിലും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത്തരത്തിൽ വസ്ത്രം ധരിച്ചതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക ഇടപെടൽ ഉണ്ടായിട്ടില്ലെന്നും, പൊലീസുകാർ വസ്ത്രം വാങ്ങി നൽകിയെന്നതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എങ്കിലും, ഇക്കാര്യത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

