അന്തരിച്ച ജനപ്രതിനിധിയുടെ കുടുംബ പെന്ഷന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി അനധികൃതമായി കൈപ്പറ്റിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാജ ആരോപണങ്ങള്‍ തനിക്ക് മാനസികമായി വലിയ വിഷമമുണ്ടാക്കിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് അവര്‍ പ്രതികരിച്ചു.
ഈ വിഷയത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. സംഭവത്തില്‍ യാതൊരുവിധ സത്യവുമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
വിവരവകാശ നിയമപ്രകാരം നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും ലഭിച്ച മറുപടിയിലെ പേരുവിവരങ്ങളിലെ സാമ്യതയാണ് തെറ്റിദ്ധാരണകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത്. 1993-ല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ആര്.കൃഷ്ണന്ന്റെ ഭാര്യയുടെ പേരും പി.കെ.ശ്രീമതി എന്നുതന്നെയായിരുന്നു.
തിരുക്കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയിലും രണ്ടാം കേരള നിയമസഭയിലും (1960-64) കുന്നംകുളത്തുനിന്നുള്ള അംഗമായിരുന്നു അദ്ദേഹം. വിവരാവകാശ രേഖയില്‍ മുൻ എംഎൽഎ എന്ന നിലയിലും മുൻ മന്ത്രി എന്ന നിലയിലും പെന്ഷന് വാങ്ങുന്ന പി.കെ.ശ്രീമതിയുടെ വിവരങ്ങളും, അന്തരിച്ച മുൻ എംഎൽഎയുടെ കുടുംബ പെന്ഷന് വാങ്ങുന്ന മറ്റൊരു പി.കെ.ശ്രീമതിയുടെ വിവരങ്ങളും ഒരേ രേഖയിൽ വന്നതാണ് ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയോ അല്ലാതെയോ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാൻ കാരണമായത്.
അതേസമയം, വിവാദത്തില്‍ വിശദീകരണവുമായി അന്തരിച്ച മുൻ എംഎൽഎ പി.ആര്.കൃഷ്ണന്ന്റെ മകൻ അജിത്ത് രംഗത്തെത്തി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന തന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം അമ്മ പി.കെ.ശ്രീമതി കുടുംബ പെന്ഷന് വാങ്ങിയിരുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.
എന്നാല്‍ 2020 ഫെബ്രുവരിയില്‍ അമ്മ അന്തരിക്കുകയും മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ അധികൃതരെ സമയബന്ധിതമായി അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് ആരും ആ പെന്ഷന് വാങ്ങിയിട്ടില്ലെന്നും പേരിന്റെ യാദൃശ്ചികമായ സാമ്യം കൊണ്ടോ അല്ലെങ്കില്‍ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായോ ആകാം ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നും 2001-ലും 2006-ലും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ.ശ്രീമതി, 2006-11 കാലയളവിലെ വി.എസ്.
അച്യുതാനന്ദന് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റിലെത്തി.
നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് അവര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

