സ്മാർട്ട് വാച്ച് വിപണിയിൽ പുതിയ പ്രഖ്യാപനവുമായി മുൻനിര ബ്രാൻഡായ സാംസങ് രംഗത്ത്. തങ്ങളുടെ പുതിയ തലമുറ സ്മാർട്ട് വാച്ചുകളായ ഗാലക്സി വാച്ച് 9, ഗാലക്സി വാച്ച് അൾട്രാ 2 എന്നിവയ്ക്ക് ദീർഘകാല സോഫ്റ്റ്വെയർ പിന്തുണ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
ആൻഡ്രോയിഡ് സ്മാർട്ട് വാച്ച് ചരിത്രത്തിൽ തന്നെ ഏറ്റവും നീണ്ട അപ്ഡേറ്റ് കാലയളവാണ് ഇതിലൂടെ ലഭ്യമാകുന്നത്.
പുതിയ നയം അനുസരിച്ച് ഈ രണ്ട് വാച്ചുകൾക്കും അഞ്ച് പ്രധാന വെയർ ഒഎസ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കും. ഗൂഗിളിന്റെ പിക്സൽ വാച്ച് പരമ്പരയ്ക്ക് മൂന്ന് വർഷത്തെ ഒഎസ് അപ്ഡേറ്റുകൾ മാത്രമാണ് നിലവിൽ ലഭിക്കുന്നത്.
ഗാലക്സി വാച്ച് 4 മുതൽ എല്ലാ മോഡലുകൾക്കും നാല് ഒഎസ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളുമാണ് സാംസങ് നൽകി വന്നിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തിലൂടെ ഈ പിന്തുണ കമ്പനി കൂടുതൽ വ്യാപിപ്പിക്കുകയാണ്.
ഗൂഗിളിനേക്കാൾ രണ്ട് വർഷം അധികമായി ഒഎസ് അപ്ഡേറ്റുകൾ നൽകുന്നത് സാംസങ് വാച്ചുകൾക്ക് വിപണിയിൽ വലിയ മുൻതൂക്കം നൽകും. ആപ്പിൾ വാച്ച് നിരകളുടെ സോഫ്റ്റ്വെയർ പിന്തുണയ്ക്ക് സമാനമാണിത്.
വെയർ ഒഎസ് 7 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 ആണ് ഈ പുതിയ വാച്ചുകളിൽ പ്രവർത്തിക്കുന്നത്. സാംസങ്ങിന്റെ പ്രഖ്യാപനം അനുസരിച്ച്, 2031 വരെ ഇവയ്ക്ക് വെയർ ഒഎസ് 12 അപ്ഡേറ്റും സുരക്ഷാ പാച്ചുകളും ലഭിക്കും.
പുതിയ വാച്ചുകൾക്ക് കരുത്ത് പകർന്നിരിക്കുന്ന പുതിയ സ്നാപ്ഡ്രാഗൺ വെയർ എലൈറ്റ് ചിപ്സെറ്റ് ആകാം ഇത്തരത്തിലുള്ള ദീർഘകാല സോഫ്റ്റ്വെയർ പിന്തുണ സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരിക്കുന്നത്. എക്സിനോസ് ഡബ്ല്യു1000 ചിപ്സെറ്റ് ഉപയോഗിക്കുന്ന ഗാലക്സി വാച്ച് 8 കുടുംബത്തിന് ഈ പുതിയ അപ്ഡേറ്റ് നയം ബാധകമാകാൻ സാധ്യതയില്ല.
നിലവിൽ ഈ വാച്ചുകൾക്ക് നാല് പ്രധാന വെയർ ഒഎസ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളുമാണ് ലഭിക്കുന്നത്. അപ്ഡേറ്റുകൾ പുറത്തിറക്കുന്ന രീതിയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.
നിലവിൽ ഓരോ ക്വാർട്ടറിലും സാംസങ് ഗാലക്സി വാച്ച് നിരകളിലേക്ക് സുരക്ഷാ പാച്ചുകൾ നൽകുന്നുണ്ട്. വർഷത്തിലൊരിക്കൽ വൺ യുഐ അല്ലെങ്കിൽ വെയർ ഒഎസ് അപ്ഡേറ്റ് വഴിയാണ് പ്രധാന പുതിയ ഫീച്ചറുകൾ എത്തിക്കുന്നത്.
ത്രിമാസതോറും പിക്സൽ ഡ്രോപ്പുകൾ വഴി പുതിയ ഫീച്ചറുകൾ നൽകുന്ന ഗൂഗിളിന്റെ രീതിയിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

