വിദ്യാർഥികൾ തങ്ങളുടെ ലക്ഷ്യബോധം തകർക്കാൻ ശ്രമിക്കുന്നവരിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പഠിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ‘സുപഥം’ ജില്ലാതല ഉദ്ഘാടനവും, ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം നേടിയ സ്കൂളുകൾക്കുള്ള അവാർഡ് ദാന ചടങ്ങും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പാഠ്യേതര പ്രവർത്തനങ്ങളിലെയും പഠനത്തിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ഇതിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കോട്ടയം സെന്റ് ആൻസ് സ്കൂളും, ഹൈസ്കൂൾ വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളും, പ്രൈമറി വിഭാഗത്തിൽ അക്കരപ്പാടം ഗവൺമെന്റ് യുപി സ്കൂളും അവാർഡുകൾ കരസ്ഥമാക്കി. സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലും ലഹരിയുടെ ഭീഷണി പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂറുദിന കർമപരിപാടിയുടെ ഭാഗമായി ‘സുപഥം’ യജ്ഞത്തിന് രൂപം നൽകിയിട്ടുള്ളത്. പ്രൈമറി ക്ലാസുകൾ മുതൽ പഠിക്കുന്ന കുട്ടികളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് സ്കൂൾ പരിസരങ്ങൾ ലഹരി വിപണന വിരുദ്ധ മേഖലകളാക്കി മാറ്റുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
ഇതിനായി കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ, സാമൂഹിക-പൊതുപ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിരോധനിര തീർക്കുമെന്നും അധികൃതർ അറിയിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്കുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ പി.കെ.
വൈശാഖ്, നഗരസഭ വികസനകാര്യസമിതി അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സാലി മാത്യൂ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി.അലക്സാണ്ടർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി യു.ശ്രീജിത്ത്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എം.കെ. പ്രസാദ്, ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ വി.എ.
ബോബൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ മുഹമ്മദ് മാഹിൻ, ഡി.ഇ.ഒ അനിത ഗോപിനാഥ്, എ.ഇ.ഒ കെ.സി.
ദീപ, വിജയപുരം രൂപത കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി മാനേജർ റവ. ഫാ.
റൊണാൾഡ് മാത്യൂ പുത്തൻപറമ്പിൽ, മൗണ്ട് കാർമൽ എച്ച്.എസ്.എസ്. പ്രധാന അധ്യാപിക സിസ്റ്റർ എ.എസ്.
ജെയിൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

